ടിക്കറ്റിന് മൂന്ന് രൂപ കുറവ്: വിദ്യാര്‍ഥിനിയെ പാതിവഴിയില്‍ ഇറക്കിവിട്ട് സ്വകാര്യ ബസ് കണ്ടക്ടര്‍

തൃശൂര്‍: ടിക്കറ്റെടുക്കാനായി നല്‍കിയ തുകയില്‍ മൂന്ന് രൂപ കുറവുണ്ടെന്ന് കണ്ടെത്തിയതോടെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്വകാര്യ ബസ് കണ്ടക്ടര്‍ പാതിവഴിയില്‍ ഇറക്കിവിട്ടു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.തൃശൂര്‍ പഴമ്പാലക്കോട് എസ്എംഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയെയാണ് കണ്ടക്ടര്‍ പാതിവഴിയില്‍ ഇറക്കിവിട്ടത്.

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. ഇതേത്തുടര്‍ന്ന് ഒറ്റപ്പാലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന അരുണ ബസിനെതിരെ പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കി. പഴമ്പാലക്കോട് സ്‌കൂളിന് സമീപത്തുനിന്ന് ബസില്‍ കയറിയ വിദ്യാര്‍ഥിനിക്ക് തിരുവില്വാമല കാട്ടുകുളം വരെ ആയിരുന്നു പോകേണ്ടിയിരുന്നത്.

എല്ലാ ദിവസങ്ങളിലും സ്‌കൂള്‍ ബസില്‍ യാത്ര ചെയ്തിരുന്ന പെണ്‍കുട്ടി കഴിഞ്ഞ ദിവസം സ്വകാര്യ ബസില്‍ കയറുകയായിരുന്നു. കുട്ടിയുടെ കയ്യില്‍ രണ്ട് രൂപ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ടിക്കറ്റ് നിരക്ക് അഞ്ച് രൂപ ആണെന്നും അത് നല്‍കണമെന്നും കണ്ടക്ടര്‍ പറഞ്ഞു. തന്റെ കൈയ്യില്‍ അഞ്ച് രൂപ ഇല്ലെന്ന് വിദ്യാര്‍ഥിനി അറിയിച്ചതോടെ തൊട്ടടുത്തുള്ള സ്റ്റോപ്പില്‍ കുട്ടിയെ ഇറക്കിവിടുകയായിരുന്നു. ഇവിടെ നിന്ന് കുട്ടിക്ക് ഇറങ്ങേണ്ട സ്റ്റോപ്പിലേക്ക് രണ്ട് കിലോമീറ്റര്‍ ദൂരം കൂടി ഉണ്ടായിരുന്നു. ഇതോടെ ഭയന്ന് വഴിയില്‍ കരഞ്ഞുകൊണ്ടുനിന്ന വിദ്യാര്‍ഥിയെ നാട്ടുകാരാണ് വീട്ടില്‍ എത്തിച്ചത്.

Exit mobile version