പനി ഉള്ളവര്‍ക്കെല്ലാം പരിശോധന; പൊന്നാനി താലൂക്കില്‍ ജൂലൈ ആറ് വരെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍; മുഖ്യമന്ത്രി

തിരുവനന്തപുരം: മലപ്പുറത്തെ പൊന്നാനി താലൂക്കില്‍ ഇന്ന് വൈകിട്ട് അഞ്ച് മുതല്‍ ജൂലൈ ആറ് അര്‍ധരാത്രി വരെ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നതുമായ പശ്ചാത്തലത്തിലാണ് നടപടി. വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ധാരാളമായി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മേഖലകളില്‍ വ്യാപകമായി കൊവിഡ് പരിശോധന നടത്തും. പനി, ശ്വാസകോശ രോഗലക്ഷണമുള്ള എല്ലാവരെയും പരിശോധിക്കും. അതിന് പുറമേ, ആരോഗ്യപ്രവര്‍ത്തകര്‍,ആശുപത്രി ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍, ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് ലക്ഷണം ഇല്ലെങ്കിലും പരിശോധന നടത്തും. മാര്‍ക്കറ്റുകളിലും പരിശോധനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട്, മഞ്ചേരി, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള മെഡിക്കല്‍ ടീമിനെ ഈ പ്രദേശങ്ങളില്‍ നിയോഗിക്കും. അടുത്ത മൂന്ന് ദിവസം ക്ലസ്റ്റര്‍ സോണിലുള്ള വിശദമായ പരിശോധനയും വീട് കയറിയുള്ള സര്‍വ്വേയും നടത്താന്‍ നിര്‍ദേശിച്ചുണ്ട്. തീവ്ര രോഗ ബാധ കണ്ടെത്തിയ ഇടങ്ങളില്‍ കുറഞ്ഞത് 10000 പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version