കവിതാ മോഷണ വിവാദം: ജനാഭിമാന സംഗമത്തില്‍ നിന്നും ദീപാ നിശാന്തിനെയും ശ്രീചിത്രനേയും ഒഴിവാക്കി

എസ് കലേഷ് എന്ന യുവകവിയുടെ കവിത മോഷ്ടിച്ചെന്ന വിവാദത്തില്‍ പെട്ട് ഉഴലുന്ന അധ്യാപിക ദീപാ നിശാന്തിനും പ്രഭാഷകന്‍ എംജെ ശ്രീചിത്രനും തിരിച്ചടി.

തൃശ്ശൂര്‍: എസ് കലേഷ് എന്ന യുവകവിയുടെ കവിത മോഷ്ടിച്ചെന്ന വിവാദത്തില്‍ പെട്ട് ഉഴലുന്ന അധ്യാപിക ദീപാ നിശാന്തിനും പ്രഭാഷകന്‍ എംജെ ശ്രീചിത്രനും തിരിച്ചടി. ഇരുവരേയും ജനാഭിമാന സംഗമത്തില്‍ നിന്ന് ഒഴിവാക്കി. വിവാദത്തെ തുടര്‍ന്നാണ് ചൊവ്വാഴ്ച നടക്കാനിരുന്ന സംഗമത്തില്‍ നിന്ന് ഇരുവരേയും ഒഴിവാക്കിയതെന്നാണ് വിവരം.

തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറിലാണ് ജനാഭിമാന സംഗമം വിവിധ പരിപാടികളോടെ നടത്തുന്നത്. സ്വാമി അഗ്നിവേശാണ് സംഗമം ഉദ്ഘാടനം ചെയ്യുന്നത്.

കവിത മോഷ്ടിച്ച സംഭവത്തില്‍ നിയമനടപടിയെ കുറിച്ച് ആലോചിക്കുമെന്ന് യുവ കവി എസ് കലേഷ് അറിയിച്ചിരുന്നു. സംഭവത്തില്‍ അധ്യാപിക ദീപാ നിശാന്ത് മാപ്പ് പറഞ്ഞെങ്കിലും മാപ്പല്ല മറുപടിയാണ് വേണ്ടതെന്നാണ് കലേഷ് പറയുന്നത്. തന്റെ കവിതയുടെ വരികള്‍ വെട്ടി വഴിയിലുപേക്ഷച്ചവര്‍ ആരാണെന്ന് വെളിപ്പെടുത്തണമെന്നും അതിന് താന്‍ അര്‍ഹനാണെന്നും കലേഷ് വ്യക്തമാക്കിയിരുന്നു. 2011ല്‍ എസ് കലേഷ് എഴുതിയ അങ്ങനയിരിക്കെ മരിച്ചുപോയി ഞാന്‍/ നീ എന്ന കവിതയാണ് എകെപിസിടിഎയുടെ മാസികയില്‍ അധ്യാപിക ദീപാ നിശാന്തിന്റെ പേരില്‍ പ്രസിദ്ധീകരിച്ചത്.

ഇത് വിവാദമായതോടെ മാപ്പ് പറഞ്ഞ് ദീപാ നിശാന്ത് രംഗത്ത് വന്നിരുന്നു. കവിത പകര്‍ത്തി നല്‍കിയത് ശ്രീചിത്രനാണ് എന്ന് വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തതോടെ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.

Exit mobile version