കാല്‍ വഴുതി, തെങ്ങുകയറ്റത്തൊഴിലാളി തലകീഴായി തെങ്ങില്‍ തൂങ്ങി നിന്നത് ഒരുമണിക്കൂറോളം, വല വിരിച്ച് നാട്ടുകാര്‍, ഒടുവില്‍ സംഭവിച്ചത്

കോഴിക്കോട്: കാല്‍വഴുതി ഒരു മണിക്കൂറിലധികം തെങ്ങില്‍ തലകീഴായി തൂങ്ങിനിന്ന തെങ്ങുകയറ്റ തൊഴിലാളിക്ക് പുനര്‍ജന്മം. തെങ്ങില്‍ തൂങ്ങി നിന്ന പൈതോത്ത് സ്വദേശി രഘുനാഥിനെ നാട്ടുകാരും അഗ്‌നിശമനസേനയും ചേര്‍ന്നാണ് രക്ഷിച്ചത്.

കോഴിക്കോട് കൂത്താളിയിലാണ് അപകടം നടന്നത്. യന്ത്രം ഉപയോഗിച്ച് തെങ്ങ് കയറുന്നതിനിടെയാണ് രഘുനാഥന്‍ പിടിവിട്ട് ബെല്‍റ്റില്‍ കാല് കുരുങ്ങി തലകീഴായി തൂങ്ങിയത്. അപകടത്തില്‍പ്പെട്ട രഘുനാഥന്‍ നിലവിളിച്ച് ആളെക്കൂട്ടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.

നാട്ടുകാര്‍ ഉടന്‍ തന്നെ വിവരം അഗ്നിശമന സേനയെ അറിയിച്ചു. എന്നാല്‍ അഗ്‌നിശമനസേന സ്ഥലത്തെത്തുന്നതിന് മുന്‍പ് തന്നെ തെങ്ങിന് കീഴിലായി വലയും വയ്‌ക്കോലുമുള്‍പ്പെടെ നിരത്തിയും നാട്ടുകാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു. തൂങ്ങി നിന്ന രഘുനാഥിനെ ഏണിയില്‍ കയറി ഉയര്‍ത്തി സുരക്ഷിതനാക്കുകയും ചെയ്തു.

ഇത് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കി. ഫയര്‍ ഓഫിസര്‍മാരായ ഷിജുവും രാഗിനും തെങ്ങിനു മുകളില് കയറി യന്ത്രത്തിന്റെ ബെല്‍റ്റ് മുറിച്ച് രഘുവിനെ സ്വതന്ത്രനാക്കിയപ്പോള്‍ ഏറെ നേരം നീണ്ട ആശങ്ക ആശ്വാസത്തിന് വഴിമാറി. കാലിനേറ്റ ചെറിയ പരുക്കല്ലാതെ രഘുവിന്റെ ആരോഗ്യനിലയും തൃപ്തികരമാണ്.

Exit mobile version