അടച്ചുറപ്പില്ലാത്ത വീട്ടിൽ മൂന്ന് പെൺകുട്ടികൾ; സുരക്ഷയെ ചൊല്ലിയുള്ള ആധിയിൽ സഹായിക്കാനെത്തി പോലീസ്; രക്ഷകനായി ലത്തീഫും; നന്മ കുറിപ്പ്

ഉപദ്രവിക്കാനെത്തുന്ന അച്ഛനിൽ നിന്നും കൂരിരുട്ടിന്റെ അരക്ഷിതാവസ്ഥയിൽ നിന്നും ഒളിക്കാൻ പോലും ഇടമില്ലാതിരുന്ന മൂന്ന് പെൺകുട്ടികൾക്ക് സഹായവുമായി ഷൊർണ്ണൂർ പോലീസും നാട്ടുകാരനും. അടച്ചുറപ്പില്ലാത്ത വീടിനുള്ളിൽ കഴിയേണ്ടി വന്ന മൂന്നു പെൺകുട്ടികളുടെ അവസ്ഥയറിഞ്ഞ് സഹായിക്കാനായി പോലീസ് ലത്തീഫ് എന്ന ഫർണിച്ചർ ഷോപ്പ് ഉടമയെ വിളിച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ലത്തീഫ് സൗജന്യമായി തന്നെ വാതിലുകൾ എത്തിക്കുകയും ഫിറ്റ് ചെയ്ത് നൽകുകയും ചെയ്തു.

ഷൊർണൂർ പോലീസ് പങ്കുവെച്ച കുറിപ്പ് വായിക്കാം:

കഴിഞ്ഞയാഴ്ച ഒരു ദിവസം രാത്രി 12 മണിയോടുകൂടി ഷൊർണൂർ പോലീസ് സ്റ്റേഷനിലേക്ക് ഒരു പെൺകുട്ടി കരഞ്ഞുകൊണ്ട് വിളിക്കുന്നു…’സർ അച്ഛൻ മദ്യപിച്ച് വീട്ടിൽ ബഹളം വയ്ക്കുകയാണ്. ഒന്ന് പെട്ടെന്ന് വര്വോ?’ സ്റ്റേഷനിൽ നിന്നും ഉടൻതന്നെ ഈ സമയം പട്രോളിങ്ങിൽ ഉണ്ടായിരുന്ന സബ് ഇൻസ്‌പെക്ടർ വിവേക് നാരായണനെ ഫോണിൽ വിവരമറിയിക്കുകയും സ്ഥലത്തെത്തുകയും ചെയ്തു…

ചെന്നെത്തിയപ്പോൾ കണ്ടത് പണി പൂർത്തീകരിച്ചിട്ടില്ലാത്ത കോൺക്രീറ്റിൽ തീർത്ത ഒരു വീട്. മൂന്ന് പെൺകുട്ടികൾ അടങ്ങുന്ന ഒരു കുടുംബം… രാത്രികാലമായതിനാലും കോവിഡ് കാലഘട്ടമായതിനാലും അയാളെ നല്ല പോലെ ഉപദേശിച്ച് പെൺകുട്ടികളോട് ഒരു മുറിയുടെ വാതിൽ അടച്ച് എല്ലാവരോടും കിടന്നോളാൻ പറഞ്ഞപ്പോൾ ആകെ രണ്ടു വാതിലുകളെ ഉള്ളൂവെന്നും അത് വീടിന്റെ മുന്നിലും പിന്നിലും മാത്രമാണെന്നും അടച്ചുറപ്പുള്ള ഒരു മുറി പോലും ഇല്ലെന്നും അറിഞ്ഞപ്പോൾ അവരുടെ ദയനീയാവസ്ഥ കണ്ട് ശ്രീ വിവേക് നാരായണനും ഒപ്പമുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിജിയും കുറുവട്ടൂരിൽ ഫർണിച്ചർ ഷോപ്പും മരമില്ലും നടത്തുന്ന ലത്തീഫിനെ ഫോണിൽ വിളിച്ച് ഒരു വാതിലിന് എന്തു വിലയാകും എന്ന് അന്വേഷിച്ചപ്പോൾ അർദ്ധരാത്രിക്കുള്ള എസ് ഐയുടെ വിളിയിൽ അമ്പരന്ന് ലത്തീഫ് എന്താണ് കാര്യം എന്ന് അന്വേഷിക്കുകയും കാര്യം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു.

ഉടൻതന്നെ ലത്തീഫ് ‘സർ ഞാനും നിങ്ങളോടൊത്ത് ഈ സൽ പ്രവൃത്തിയിൽ പങ്കുചേരാം’ എന്ന് അറിയിക്കുകയും തുടർന്ന് ഇന്ന് ജൂൺ 25ന് ഉച്ചയ്ക്ക് മുമ്പായി ഒന്നിന് പകരം രണ്ടു വാതിലുകളുമായി ലത്തീഫ് ഒരു ഓട്ടോറിക്ഷയിൽ എത്തിക്കുകയും രണ്ടു മുറികൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്തു..ഈ പ്രവൃത്തിയിൽ ഒരു കുടുംബത്തിന് സുരക്ഷിതത്വം ഉറപ്പുവരുത്താൻ ഷൊർണൂർ പൊലീസിനൊപ്പം നിന്ന ലത്തീഫിന് ഹൃദയത്തിൽ നിന്നും ഷൊർണൂർ പോലീസിന്റെ നന്ദി അറിയിക്കുന്നു…

(ലത്തീഫിന്റെ ഫോട്ടോ ചോദിച്ചു വിളിച്ചപ്പോൾ ചിത്രത്തിൽ കാണുന്ന വാതിലുകൾ മാത്രം മതിയെന്ന് ലത്തീഫ് അറിയിച്ചത് അദ്ദേഹത്തിന്റെ നന്മയുടെ ആഴം വ്യക്തമാക്കുന്നു…)

Exit mobile version