കേന്ദ്രവുമായുള്ള തര്‍ക്കത്തിന് കാരണം കേരള സര്‍ക്കാര്‍, മുഖ്യമന്ത്രി പറയുന്ന അബദ്ധങ്ങള്‍ കേട്ട് തലകുലുക്കി പോകില്ല, പ്രതികരിക്കും; വി മുരളീധരന്‍

തിരുവനന്തപുരം: കോവിഡ് കാലത്ത് പ്രവാസികളെ തിരികെ കൊണ്ടുവരുന്ന വിഷയത്തില്‍ കേന്ദ്രവും കേരള സര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തിന് കാരണം കേരള സര്‍ക്കാരാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. കേന്ദ്രം മറ്റ് സംസ്ഥാനങ്ങളുമായി തര്‍ക്കത്തിലില്ല, കേരളവുമായി മാത്രമാണ് ഉള്ളതെന്നും മുരളീധരന്‍ പറഞ്ഞു.

താന്‍ ചെയ്തത് മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളിലെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ്. കേന്ദ്രമന്ത്രിയായെങ്കിലും തനിക്ക് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാകുന്നില്ലല്ലോയെന്നും മുഖ്യമന്ത്രി ശുദ്ധ അബദ്ധങ്ങള്‍ പറയുമ്പോള്‍ ആരും ഒരക്ഷരവും പറയാതെ തലകുലുക്കി പോകണമെങ്കില്‍ അത് അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങള്‍ ചെയ്‌തേക്കും, പക്ഷെ ബാക്കിയുള്ളവര്‍ അങ്ങനെ ചെയ്യില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു പ്രമുഖ മാധ്യത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വി മുരളീധരന്‍. കേരളവുമായി മാത്രമാണ് കേന്ദ്രം തര്‍ക്കത്തിലുള്ളത്. മറ്റ് സംസാഥാനങ്ങളുമായി ഇല്ല. കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളുമായും ഒരേപോലെയാണ് പെരുമാറുന്നത്. കേരളത്തിന്റെ ഭാഗത്തുനിന്ന് എടുക്കുന്ന സമീപനങ്ങളാണ് തര്‍ക്കങ്ങള്‍ക്ക് കാരണമെന്നും വി. മുരളീധരന്‍ പറഞ്ഞു.

കോവിഡ് ടെസ്റ്റുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എടുത്ത നിലപാട് നടപ്പിലാക്കാന്‍ സാധിക്കുന്നതല്ലെന്ന് വിദേശകാര്യ മന്ത്രാലയം സംസ്ഥാനത്തെ അറിയിച്ചിരുന്നു. മറ്റ് രാജ്യങ്ങളുടെ ആരോഗ്യ പ്രോട്ടോക്കോളില്‍ ഇടപെടാന്‍ നമുക്ക് സാധിക്കില്ലെന്നാണ് മന്ത്രാലയം അറിച്ചത്. അത് താനും വിദേശകാര്യ വക്താവും വീണ്ടും വ്യക്തമാക്കിയതാണ്. എന്നാല്‍ ഈ കത്തിനേപ്പറ്റി പുറത്തുപറയാതിരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.

Exit mobile version