തുടര്‍ച്ചയായി പതിനെട്ടാം ദിവസവും രാജ്യത്ത് ഡീസല്‍ വിലയില്‍ വര്‍ധനവ്; പതിനെട്ട് ദിവസംകൊണ്ട് ഡീസലിന് വര്‍ധിച്ചത് 9.92 രൂപ

കൊച്ചി: തുടര്‍ച്ചയായി പതിനെട്ടാം ദിവസവും രാജ്യത്ത് ഡീസല്‍ വിലയില്‍ വര്‍ധനവ്. ഒരു ലിറ്റര്‍ ഡീസലിന് 45 പൈസയാണ് ഇന്ന് വര്‍ധിച്ചത്. കഴിഞ്ഞ പതിനെട്ട് ദിവസംകൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് 9.92 രൂപയാണ് വര്‍ധിച്ചത്. അതേസമയം പെട്രോള്‍ വിലയില്‍ ഇന്ന് മാറ്റമില്ല. തുടര്‍ച്ചയായ പതിനേഴ് ദിവസത്തെ വര്‍ധനവിന് ശേഷമാണ് ഇന്ന് പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നത്. പെട്രോള്‍ ലിറ്ററിന് 80.02 രൂപയാണ്.

കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 75.72 രൂപയും പെട്രോള്‍ ലിറ്ററിന് 80.02 രൂപയുമാണ്. അതേസമയം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞിരിക്കുന്ന ഘട്ടത്തിലാണ് എണ്ണക്കമ്പനികള്‍ ഇത്തരത്തില്‍ വിലവര്‍ധിപ്പിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി വര്‍ധിപ്പിച്ചത് കൊണ്ടാണ് ഇന്ധനവില വര്‍ധിപ്പിക്കേണ്ടി വരുന്നത് എന്നാണ് എണ്ണക്കമ്പനികളുടെ വാദം.

കൊവിഡ് പ്രതിസന്ധിക്കിടെ ഇന്ധന വില വര്‍ധിച്ചത് സാധാരണക്കാരെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധന വിലവര്‍ധനവ് കാരണം അവശ്യ സാധനങ്ങള്‍ക്കടക്കം വില വര്‍ധിക്കുമോ എന്ന ആശങ്കയിലാണ്.

Exit mobile version