മന്ത്രി വിഎസ് സുനില്‍ കുമാറിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

തൃശൂര്‍: കൃഷിമന്ത്രി വിഎസ് സുനില്‍ കുമാറിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. മന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറിയുടെയും പരിശോധന ഫലം നെഗറ്റീവാണ്. ഇന്ന് രാവിലെയാണ് മന്ത്രിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചത്.

കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടികയില്‍ മന്ത്രി ഉണ്ടായിരുന്നതിനാല്‍ അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയായിരുന്നു. വിഎസ് സുനില്‍കുമാര്‍ ഉള്‍പ്പെടെ 18 പേരോട് നിരീക്ഷണത്തില്‍ കഴിയാനാണ് തൃശൂര്‍ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചത്.

കഴിഞ്ഞ ദിവസമാണ് തൃശൂര്‍ കോര്‍പ്പറേഷനിലെ ആരോഗ്യ പ്രവര്‍ത്തകക്ക് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ പങ്കെടുത്ത യോഗത്തില്‍ കഴിഞ്ഞ 15ന് കൃഷി മന്ത്രിയും പങ്കെടുത്തിരുന്നു. യോഗത്തില്‍ അഞ്ച് മിനിറ്റോളം സംസാരിച്ച ആരോഗ്യ പ്രവര്‍ത്തക, മന്ത്രിക്ക് നേരിട്ട് പേപ്പറും കൈമാറിയിരുന്നു. ഇതോടെ മന്ത്രി സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുകയായിരുന്നു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ റൂം ക്വാറന്റീനിലാണ് മന്ത്രി.

കൊവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടായ ദിവസം മുതല്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയാനാണ് മന്ത്രി അടക്കമുള്ളവരോട് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. അതിനാല്‍ മന്ത്രിക്ക് ഇനി 7 ദിവസം നിരീക്ഷണത്തില്‍ ഇരുന്നാല്‍ മതി. കോര്‍പ്പറേഷന്‍ മേയറും ഡെപ്യൂട്ടി മേയറും സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരും ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇവരോടും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശമുണ്ട്.

Exit mobile version