പനി ബാധിച്ചു, കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് നിര്‍ദേശം; പ്രകോപിതരായി ആശുപത്രി അടിച്ചു തകര്‍ത്തു, ആരോഗ്യപ്രവര്‍ത്തകര്‍ക്കും പരിക്ക്! യുവാക്കള്‍ അറസ്റ്റില്‍

തൊടുപുഴ: അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നഴ്സുമാരെയും ആരോഗ്യപ്രവര്‍ത്തകരെയും ആക്രമിച്ച സംഭവത്തില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. കല്ലൂര്‍ക്കാട് താണിക്കുന്നേല്‍ ജോബിന്‍(21), കുമാരമംഗലം ഉരിയരിക്കുന്ന് മേക്കുഴിക്കാട്ട് അഖില്‍(21), തൈമറ്റം വലിയപാറയില്‍ വിനില്‍കുമാര്‍(22) എന്നിവരാണ് പിടിയിലായത്.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇവരെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. പനി ബാധിച്ച സുഹൃത്തിനെയും കൂട്ടിയാണ് മൂവരും ആശുപത്രിയിലെത്തിയത്. ആശുപത്രിയില്‍ നിന്ന് കൊവിഡ് പരിശോധനക്ക് വിധേയരാകണമെന്ന് നിര്‍ദേശിച്ചു. കൊവിഡ് പരിശോധിക്കാന്‍ ആവശ്യപ്പെട്ടത് ഇവര്‍ക്ക് ഇഷ്ടമായില്ല. തുടര്‍ന്ന് സുഹൃത്തുമായി ഇവര്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരിച്ച് അല്‍ അസ്ഹര്‍ ആശുപത്രിയിലെത്തിയ മൂവര്‍ സംഘം കമ്പി വടി ഉപയോഗിച്ച് നഴ്സുമാരെയും സെക്യൂരിറ്റി ജീവനക്കാരെയും മര്‍ദ്ദിക്കുകയായിരുന്നു. രണ്ട് നഴ്സുമാര്‍ക്കും മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കും പരിക്കേറ്റു. ആശുപത്രിയിലും ഇവര്‍ നാശനഷ്ടമുണ്ടാക്കി. ഡിവൈഎസ്പി കെ സദന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുള്ളരിങ്ങാട് നിന്ന് പ്രതികളെ പിടികൂടിയത്.

Exit mobile version