കോൺഗ്രസ് സർക്കാരിനെ സഹായിക്കുന്നു; മുല്ലപ്പള്ളി അനാവശ്യ വടി എറിഞ്ഞു കൊടുത്തു; കൊവിഡ് പ്രതിരോധം പാളിയെന്നും കെ സുരേന്ദ്രൻ

K Surendran | Kerala Nes

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രതിരോധം പാളിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരള സർക്കാരിനെയോ ഇവിടുത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തെയോ ഒരു അന്താരാഷ്ട്ര മാധ്യമമവും പുകഴ്ത്തിയിട്ടില്ലെന്നും അത് പിആർ വർക്ക് മാത്രമാണെന്നും സുരേന്ദ്രൻ ആവർത്തിച്ചു.

ഒരു ബംഗാൾ സ്വദേശിയും ഒരു മലയാളിയും മാത്രമാണ് കേരളത്തെക്കുറിച്ച് എല്ലാ മാധ്യമങ്ങളിലും പുകഴ്ത്തിപ്പറയുന്നത്. ഏറ്റവും മികച്ച കൊവിഡ് പ്രതിരോധ പ്രവർത്തനം നടക്കുന്നത് കർണാടകയിലാണെന്നും സുരേന്ദ്രൻ പറഞ്ഞു. കൊവിഡ് പോസിറ്റീവായ രോഗി ചികിൽസ കിട്ടുന്നില്ലെന്നാണ് പറയുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വലിയ പാളിച്ചയാണ് സംഭവിക്കുന്നത്. ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.

നിയന്ത്രണങ്ങളിൽ പാളിച്ചയുണ്ട്. തെരെഞ്ഞെടുപ്പ് മാത്രമാണ് സർക്കാരിന്റെ മുന്നിലുള്ളത്. പ്രവാസികളെ തിരിച്ചുകൊണ്ടുവരാൻ പിണറായിക്ക് താൽപര്യമില്ല. വിദേശത്ത് 200ൽ അധികം ആളുകൾ മരിച്ചിട്ടും എന്തുകൊണ്ട് ആളുകളെ തിരിച്ചുകൊണ്ടുവരുന്നില്ലെന്നും സുരേന്ദ്രൻ ചോദിച്ചു.

നീചമായ പ്രവർത്തിയാണ് സർക്കാരിന്റേത്. മനുഷ്യർ മരിച്ചോട്ടേ എന്ന നിലപാടാണ് സംസ്ഥാന സർക്കാർ. എന്നാൽ, സർക്കാർ പ്രതിരോധത്തിലാകുമ്പോൾ കോൺഗ്രസ് എന്നും സഹായിക്കാറുണ്ടെന്നും ബിജെപി അധ്യക്ഷൻ ആരോപിച്ചു. മുല്ലപ്പള്ളി അനാവശ്യ വടി എറിഞ്ഞുകൊടുക്കുകയാണ് ചെയ്തതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Exit mobile version