വാട്‌സ്ആപ്പില്‍ കുറിച്ചു, ‘ഇന്ന് എന്റെ മകന്റെ പിറന്നാളാണ് മമ്മൂക്ക’; പിറന്നാള്‍ കേക്കും ആശംസക്കുറിപ്പും എത്തിച്ച് മമ്മൂട്ടി, ഹൃദ്യം

ആയിരക്കണക്കിന് സന്ദേശങ്ങള്‍ എത്തുന്നതില്‍ നിന്ന് മറുപടി എത്തുക എന്നത് അസാധ്യമാണ്. എന്നാല്‍ ‘ഇന്ന് എന്റെ മകന്റെ പിറന്നാളാണ് മമ്മൂക്ക..’ എന്ന ഒറ്റവരി വാചകത്തിന് പിന്നാലെ വീട്ടിലേയ്ക്ക് പിറന്നാള്‍ കേക്കും ആശംസാക്കുറിപ്പും എത്തിച്ച് നല്‍കിയിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ആരാധികയുടെ മകന്റെ പിറന്നാളിന് സമ്മാനമെത്തിക്കാന്‍ മമ്മൂട്ടി തനിക്കൊപ്പമുള്ളവരെ ചുമതലപ്പെടുത്തുകയായിരുന്നു.

പത്തനംതിട്ട എഴുമറ്റൂര്‍ സ്വദേശി സൗമ്യയുടെ മകനെ തേടി മമ്മൂട്ടി അയച്ച കേക്കും, അവനായുള്ള പോക്കറ്റ് മണിയും പിറന്നാള്‍ സമ്മാനമായി എത്തിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കുടുംബത്തിന് അമ്പരപ്പ് ആണ് ഉണ്ടായത്. ഹൃദയത്തില്‍ തൊട്ട് നന്ദി പറയുകയും ചെയ്തു. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള റോബര്‍ട്ട് കുര്യാക്കോസ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

അദ്ദേഹത്തെ പോലൊരാള്‍ക്കു ഒരു ദിവസം വരുന്ന വാട്‌സാപ്പ് സന്ദേശം ആയിരങ്ങള്‍ ആയിരിക്കണം. അത്രയും സന്ദേശങ്ങളില്‍ ഭൂരിപക്ഷവും നേരില്‍ അറിയാത്ത ആരാധകരോ അതുപോലെ ഉള്ളവരോ ആവാം. ഈ സന്ദേശങ്ങള്‍ ഓടിച്ചു വായിക്കുന്നതിനിടയില്‍ ആവാം പത്തനംതിട്ട എഴുമറ്റൂര്‍ സ്വദേശി സൗമ്യയുടെ സന്ദേശവും കണ്ണിലുടക്കിയത്. ആകുലതകളും ആവശ്യങ്ങളും നിറഞ്ഞ എഴുത്തില്‍ അവരുടെ മകന്റെ ജന്മദിനം ഇന്നാണ് എന്ന് പറഞ്ഞിരിക്കുന്നത് സ്വാഭാവികമായും അദ്ദേഹത്തിന്റെ മനസ്സില്‍ തട്ടിക്കാണും.

അതല്ലങ്കില്‍ ആ പൊന്നുമോന് തന്റെ വക ഒരു ബര്‍ത്ത്‌ഡേയ് കേക്ക് രാവിലെ തന്നെ വീട്ടില്‍ എത്തിച്ചു കൊടുക്കണം എന്ന് അദ്ദേഹം ആവശ്യപ്പെടില്ല. കോവിഡ് നിയന്ത്രങ്ങള്‍ ഇങ്ങനെ കര്‍ശനമായി തുടരുമ്പോള്‍ അത്ര പെട്ടന്ന് ഒരു ക്രമീകരണം ശ്രമകരമായിരുന്നിരിക്കാം. ആ ദൗത്യം ജീവകാരുണ്യം പ്രധാന ലക്ഷ്യമായി സേവനം ചെയ്യുന്ന പത്തനംതിട്ടയിലെ ഫാന്‍സ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തപ്പോള്‍ അദ്ദേഹം സമ്മാനിച്ച ആ കേക്കും പോക്കറ്റ് മണിയും സൗമ്യസുരേഷ് ദമ്പതികളുടെ ആ ബര്‍ത്ത് ഡേയ് ബോയിയുടെ കയ്യില്‍ സുരക്ഷിതമായി എത്തി. ആ ഒരു കേക്ക് മുറിക്കുമ്പോള്‍ എത്ര മനസ്സുകള്‍ സന്തോഷിച്ചിരിക്കാം. ഒന്നുറപ്പാണ്, ആ പിറന്നാള്‍ മധുരം ഏറ്റുവാങ്ങിയപ്പോള്‍ ആ മോനും ആ മാതാപിതാക്കളും ഈ ദൗത്യം ഏറ്റെടുത്ത ആരാധകരും സന്തോഷിച്ചതില്‍ കൂടുതല്‍ ആ വലിയ മനസ്സിന്റെ ഉടമ അകലങ്ങളില്‍ ഇരുന്നുകൊണ്ട് സന്തോഷിച്ചിട്ടുണ്ട്..

Exit mobile version