കെഎസ്ഇബി നിരക്ക് വർധിപ്പിച്ചിട്ടില്ല; അധിക നിരക്ക് ഈടാക്കിയെങ്കിൽ തിരിച്ചു നൽകും: കോടിയേരി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർധിപ്പിച്ചിട്ടില്ലെന്നും അമിത വൈദ്യുതി ബിൽ വിവാദത്തിൽ കെഎസ്ഇബിയുടെ ഭാഗത്ത് തെറ്റില്ലെന്നും കോടിയേരി ബാലകൃഷ്ണൻ. അധിക ചാർജ് ഈടാക്കിയെങ്കിൽ തിരിച്ചുനൽകുമെന്നും കോടിയേരി വിശദീകരിച്ചു. ലോക്ക് ഡൗൺ കാലത്ത് വീടുകളിലെത്തി നേരിട്ട് മീറ്റർ റീഡിംഗ് നടത്താൻ കഴിയാത്ത സാഹചര്യത്തിൽ കെഎസ്ഇബി നടപ്പാക്കിയ ശരാശരി ബില്ലിംഗിനെതിരെ ജനരോഷം ഉയർന്നതോടെയാണ് കോടിയേരി വിശദീകരണവുമായി രംഗത്തെത്തിയത്.

ഏപ്രിൽ-മെയ് മാസങ്ങളിൽ ഇക്കുറി ലോക്ക് ഡൗൺ വന്നതോടെ ഉപഭോഗം വൻതോതിൽ ഉയർന്നെന്നും അതാണ് ബില്ലിൽ പ്രതിഫലിച്ചതെന്നുമാണ് കെഎസ്ഇബി വാദം. എന്നാൽ ഉപഭോക്താക്കളിൽ ഭൂരിഭാഗം പേരും അംഗീകരിക്കുന്നേയില്ല. ശരാശരി ബില്ലിംഗ് തെറ്റെന്ന് കണക്കുകൾ നിരത്തി ഇവർ പറയുന്നു. ഫെബ്രുവരി മുതൽ നേരിട്ട് റീഡിംഗ് എടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ നാലു മാസത്തെ റീഡിംഗ് ഒരുമിച്ചെടുത്ത് അതിന്റെ ശരാശരി കണ്ടാണ് ബിൽ തയ്യാറാക്കിയത്.

ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഉപഭോഗം താരതമ്യേന കുറവായിരുന്നു. ഏപ്രിൽ മെയ് മാസങ്ങളിലാകട്ടെ കൂടുതലും. എന്നാൽ ശരാശരി ബിൽ തയ്യാറാക്കിയപ്പോൾ ഏപ്രിൽ മെയ് മാസങ്ങളിലെ ഉയർന്ന ഉപഭോഗത്തിന്റെ ഭാരം കൂടി ഫെബ്രുവരി, മാർച്ച് മാസത്തെ ബില്ലിലും പ്രതിഫലിച്ചു. മാത്രമല്ല, ദ്വൈമാസ ബില്ലിംഗിൽ 60 ദിവസം കൂടുമ്പോൾ ബിൽ തയ്യാറാക്കേണ്ടതാണങ്കിലും പലയിടത്തും 70 ദിവസത്തിലേറെ കഴിഞ്ഞാണ് ബിൽ തയ്യാറാക്കിയത്. 240 യൂണിറ്റ് വരെ സബ്‌സിഡി ഉണ്ടെങ്കിലും ശരാശരി ബിൽ വന്നതോടെ പലർക്കും സബ്‌സിഡി നഷ്ടമാവുകയും ചെയ്തു.

എന്നാൽ 95 ശതമാനം ജനങ്ങൾക്കും ശരാശരി ബിൽ നേട്ടമെന്നാണ് കെഎസ്ഇബി വാദം. ഉപഭോഗം വർധിക്കുമ്പോൾ സ്ലാബിൽ വരുന്ന മാറ്റങ്ങൾ കാണാതെയാണ് വിമർശനമെന്നും കെഎസ്ഇബി കുറ്റപ്പെടുത്തുന്നു. ഉദാഹരണത്തിന് 250 യൂണിറ്റ് ഉപയോഗിക്കുന്ന വ്യക്തിയും 251 യൂണിറ്റ് ഉപയോഗിക്കുന്ന വ്യക്തിയും തമ്മിൽ ബിൽ തുകയിൽ വരുന്ന വ്യത്യാസം 193 രൂപയാണ്. ആരുടെയെങ്കിലും ബിൽതുക അകാരണമായി കൂടിയിട്ടുണ്ടെങ്കിൽ അത് അടുത്ത ബില്ലിൽ തട്ടിക്കിഴിക്കുമെന്നും കെഎസ്ഇബി ആവർത്തിക്കുന്നു.

Exit mobile version