സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തണം; അവധി ആനുകൂല്യങ്ങളില്ല; പുതിയ നിയമനങ്ങൾ പാടില്ല; ചെലവുചുരുക്കാൻ സമിതി ശുപാർശകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 56ൽനിന്ന് 58 ആക്കണമെന്ന് വകുപ്പുമേധാവികൾ ഉൾപ്പെടുന്ന വിദഗ്ധസമിതിയുടെ ശുപാർശ. ഇതിലൂടെ പ്രതിവർഷം 5265.97 കോടി രൂപ ലാഭിക്കാമെന്നും സമിതി സർക്കാരിനെ ഉപദേശിക്കുന്നു. നിലവിൽ സ്ഥിരം നിയമനം ലഭിച്ചയാൾക്ക് പ്രൊബേഷൻ കാലയളവ് പൂർത്തിയാകുംവരെ ശമ്പളത്തിന്റെ 75 ശതമാനം നൽകിയാൽ മതി. ഇതോടൊപ്പം ജീവനക്കാർക്കുള്ള അവധി ആനുകൂല്യങ്ങൾ നിർത്തലാക്കണമെന്നും ചെലവുചുരുക്കുന്നതിനെപ്പറ്റി പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതിയുടെ ഇടക്കാല റിപ്പോർട്ടിൽ നിർദേശിക്കുന്നെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

കൊവിഡ് വ്യാപനത്തോടെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാനുള്ള ശുപാർശകളാണ് സമിതി നൽകുന്നത്. സിഡിഎസ് ഡയറക്ടർ പ്രൊഫ. സുനിൽ മാണിയാണ് സമിതി അധ്യക്ഷൻ. അന്തിമറിപ്പോർട്ട് അടുത്തമാസം നൽകും.

പ്രധാന ശുപാർശകൾ ഇങ്ങനെ: പെൻഷൻപ്രായം ഉയർത്തണം- കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കുറഞ്ഞ പെൻഷൻപ്രായം. ഇത് രണ്ടുവർഷം കൂട്ടിയാൽ പെൻഷൻ ആനുകൂല്യമായി ഉടൻ നൽകേണ്ട തുക ലാഭിക്കാം. ഭാവിയിൽ പെൻഷനുവേണ്ടിവരുന്ന ഭാരിച്ച ബാധ്യതയിലും ആനുപാതിക കുറവുണ്ടാവും.

നിയമനനിയന്ത്രണം: എയ്ഡഡ് മേഖലയിൽ ഉൾപ്പെടെ അനിയന്ത്രിതമായി അധ്യാപകരെ നിയമിക്കുന്നത് നിർത്തണം. രണ്ടുവർഷത്തേക്ക് സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ പുതിയ തസ്തികകൾ പാടില്ല.

ലീവ് സറണ്ടർ (അവധിയാനുകൂല്യം): നിർത്തണം. ഇത് കേരളത്തിൽ മാത്രമേയുള്ളൂ. സേവനകാലത്താകമാനം 300 അവധിയേ കൂട്ടിവെക്കാൻ അനുവദിക്കാവൂ. അവധിയെടുക്കാത്തതിന് എല്ലാവർഷവും പണം നൽകരുത്. വിരമിക്കുമ്പോൾ മാത്രംമതി. സ്ഥിതിഗതി സാധാരണ തോതിലാകുംവരെ അവധി ആനുകൂല്യം നൽകരുത്.

പ്രവൃത്തിദിവസം ആഴ്ചയിൽ അഞ്ചാക്കണം. ആവശ്യമെങ്കിൽ ശനിയാഴ്ച വീട്ടിലിരുന്ന് ജോലി (വർക് ഫ്രം ഹോം) അനുവദിക്കണം. ഇത് പ്രവർത്തനച്ചെലവും ഇന്ധനച്ചെലവും കുറയ്ക്കും.

Exit mobile version