പണി പൂര്‍ത്തിയാക്കി കരാറുകാരനും ജോലിക്കാരും സ്ഥലം വിട്ടു, മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച റോഡ് ഇടിഞ്ഞ് ആറ്റില്‍

ആലപ്പുഴ: ടാറിംഗ് കഴിഞ്ഞ് കരാറുകാരനും ജോലിക്കാരും സ്ഥലംവിട്ടതിന് പിന്നാലെ റോഡ് ഇടിഞ്ഞ് ആറ്റില്‍ വീണു. ആലപ്പുഴ എടത്വായിലാണ് സംഭവം. എടത്വാ കോയില്‍മുക്ക് കമ്പനിപീടിക-മങ്കോട്ടച്ചിറ ഫിഷ് ഫാമിലേക്കുള്ള റോഡാണ് പോച്ച ആറ്റിലേക്ക് ഇടിഞ്ഞ് താഴ്ന്നത്.

ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. ലക്ഷങ്ങള്‍ മുടക്കിയാണ് റോഡ് നിര്‍മ്മിച്ചത്. ഉളിയന്നൂര്‍ കറുക പാടശേഖരത്തിന്റെ ബണ്ട് റോഡാണിത്. ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയാണ് മരിയാപുരം കമ്പനിപ്പീടിക മുതല്‍ മങ്കോട്ട ഫിഷ്ഫാം വരെയുള്ള റോഡ് പണി പൂര്‍ത്തിയാക്കി കരാറുകാരനും ജീവനക്കാരും സ്ഥലം വിട്ടത്.

നാല് മണിയോടെ റോഡ് ഇടിഞ്ഞ് ആറ്റിലേക്ക് വീണു. 10 മീറ്ററോളം ദൂരമാണ് ഇടിഞ്ഞത്. റോഡ് അരികില്‍ നിന്നിരുന്ന രണ്ട് തെങ്ങുകളും ഒരു കമുകും ആറ്റിലേക്ക് വീണിട്ടുണ്ട്. ഒഴുക്ക് കൂടുതലുള്ള ഭാഗമായതിനാല്‍ റോഡിന്റെ ബാക്കി കൂടി ഇടിഞ്ഞുവീഴുന്ന നിലയാണ് ഉള്ളതെന്ന് നാട്ടുകാര്‍ പറയുന്നു.

റോഡ് തകര്‍ന്നതോടെ സമീപത്തുള്ള വീടുകളും ഭീഷണിയിലായിട്ടുണ്ട്. ലക്ഷങ്ങള്‍ മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡിന്റെ ബലക്ഷയം നാട്ടുകാര്‍ നേരത്തേ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അധികൃതര്‍ കാര്യമാക്കിയില്ല. അശാസ്ത്രീയ നിര്‍മാണമാണ് റോഡ് തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

Exit mobile version