അച്ഛനുമമ്മയ്ക്കുമൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി, ആഭരണങ്ങള്‍ തട്ടിയെടുത്ത ശേഷം ചതുപ്പിലേക്ക് വലിച്ചെറിഞ്ഞു, പ്രതികള്‍ പിടിയില്‍

കൊട്ടിയം : അച്ഛനുമമ്മയ്ക്കുമൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ആഭരണങ്ങള്‍ കവര്‍ന്ന ശേഷം ചതുപ്പില്‍ ഉപേക്ഷിച്ച്‌ കടന്ന മോഷ്ടാവും കൂട്ടാളിയും പോലീസ് പിടിയില്‍. കൊല്ലം ജില്ലയിലാണ് സംഭവം. കൊറ്റങ്കര റാണി നിവാസില്‍ വിജയകുമാര്‍ (പൊടിമോന്‍-40), കൂട്ടാളി മുഖത്തല ആലുംമൂട് തുരുത്തില്‍ പടിഞ്ഞാറ്റതില്‍ മണികണ്ഠന്‍ (29) എന്നിവരാണ് അറസ്റ്റിലായത്.

തൃക്കോവില്വട്ടം ചേരിക്കോണം തലച്ചിറ കോളനി ബീമ മന്‍സിലില്‍ ഷെഫീക്കിന്റെയും ഷംനയുടെയും ആറുമാസം പ്രായമുള്ള കുഞ്ഞ് ഷെഹ്‌സിയെയാണ് തട്ടിക്കൊണ്ടുപോയ ശേഷം ചതുപ്പില്‍ വലിച്ചെറിഞ്ഞത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം.

മോഷണത്തിനായി ഷെഫീക്കിന്റെ വീട്ടില്‍ കയറിയതാണ് വിജയകുമാര്‍. വീടിന്റെ പിന്‍വാതിലിലൂടെയാണ് ഇയാള്‍ അകത്തുകടന്നത്. അച്ഛന്റെയും അമ്മയുടെയും മധ്യേ കിടന്നുറങ്ങിയ കുഞ്ഞിന്റെ ശരീരത്തില്‍ സ്വര്‍ണാഭരണങ്ങള്‍ കിടക്കുന്നതുകണ്ട ഇയാള്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

ശേഷം മറ്റൊരു വീട്ടിലും മോഷ്ടിക്കാനായി കയറി. മോഷണശ്രമത്തിനിടെ ഗൃഹനാഥന്‍ ഉണര്‍ന്നതോടെ ഇയാള്‍ അവിടെനിന്ന് കടന്നു. ഇയാളെ പിന്തുടര്‍ന്നതോടെയാണ് ആഭരണങ്ങള്‍ ഊരിയെടുത്ത് വിജയകുമാര്‍ കുഞ്ഞിനെ ചതുപ്പില്‍ വലിച്ചെറിഞ്ഞത്. ശേഷം വിജയകുമാര്‍ ഓടി രക്ഷപ്പെട്ടു.

കുഞ്ഞിനെ കണ്ടെത്തി വീട്ടിലെത്തിച്ചപ്പോഴാണ് കുട്ടിയെ തട്ടികൊണ്ടുപോയ വിവരം രക്ഷാകര്‍ത്താക്കള്‍ അറിയുന്നത്. ത്രികോണാകൃതിയില്‍ നമ്പര്‍ പ്ലേറ്റുള്ള ബൈക്കിലാണ് ഇയാള്‍ രക്ഷപ്പെട്ടതെന്ന വിവരം പോലീസിന് ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.

മോഷ്ടിച്ച സ്വര്‍ണ ചെയിന്‍ കുരീപ്പള്ളി ആലുംമൂട്ടിലുള്ള സ്വകാര്യ പണമിടപാട് കേന്ദ്രത്തില്‍ പണയം വെച്ചത് കണ്ടെടുത്തു. കുഞ്ഞിനെ തട്ടികൊണ്ടുപോകാന്‍ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. ബന്ധുവായ മണികണ്ഠന്റെ സഹായത്തോടെയാണ് സ്വര്‍ണം പണയം വെച്ചത്.

Exit mobile version