ഹൈക്കോടതിയുടെ നിരീക്ഷണ സമിതി ഇന്ന് യോഗം ചേരും; ആദ്യ യോഗം ആലുവയില്‍

തീര്‍ത്ഥാടനം സുഗമമാക്കാന്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയുടെ ആദ്യയോഗം ഇന്ന്.

കൊച്ചി: പ്രതിഷേധങ്ങളെ തുടര്‍ന്ന് സംഘര്‍ഷഭൂമിയായ ശബരിമലയില്‍ തീര്‍ത്ഥാടനം സുഗമമാക്കാന്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയുടെ ആദ്യയോഗം ഇന്ന്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സമിതിയുടെ ആദ്യയോഗം. ആലുവയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഗസ്റ്റ് ഹൗസിലാണ് മൂന്നംഗ സമിതി യോഗം ചേരുക.

ജസ്റ്റിസ് പി ആര്‍ രാമന്‍, ജസ്റ്റിസ് സിരിജഗന്‍, ഡിജിപി എ ഹേമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് യോഗം ചേരുന്നത്. ഈ സീസണിലെ ശബരിമല തീര്‍ത്ഥാടനത്തിന് സമ്പൂര്‍ണ്ണ മേല്‍നോട്ട ചുമതലയും, തല്‍സമയം തീരുമാനങ്ങളെടുക്കാനുള്ള അധികാരവുമാണ് ഹൈക്കോടതി ഈ സമിതിക്ക് നല്‍കിയത്.

ശബരിമല സന്ദര്‍ശിക്കുന്നത് അടക്കം നിര്‍ണായക കാര്യങ്ങളില്‍ യോഗത്തില്‍ സമിതി അംഗങ്ങള്‍ തീരുമാനമെടുക്കും. നിരീക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ ഏകോപിപ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ശബരിമലയുടെ പൂര്‍ണ നിയന്ത്രണം മേല്‍നോട്ട സമിതിയെ ഏല്‍പ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഈ സമിതിയോട് സഹകരിക്കണം. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലും സമിതിക്ക് ഇടപെടാം. എന്ത് തീരുമാനവും ഉടനടി എടുക്കാനും നടപ്പാക്കാനും സമിതിക്ക് അധികാരമുണ്ട്. സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പരാതിയുണ്ടെങ്കില്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും ഹൈക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു.

Exit mobile version