ശരതിന് പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെ സ്‌നേഹസമ്മാനമായി പുതിയ വീട്; സന്തോഷ നിമിഷമെന്ന് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍

മലപ്പുറം: കഴിഞ്ഞവര്‍ഷത്തെ പ്രളയത്തില്‍ മലപ്പുറം കോട്ടക്കുന്നിലെ മണ്ണിടിച്ചിലില്‍ വീടും കുടുംബത്തെയും നഷ്ടപ്പെട്ട ശരതിന് പാണക്കാട് തങ്ങള്‍ കുടുംബം നിര്‍മ്മിച്ച് നല്‍കിയ വീട് കൈമാറി. ദുരന്തത്തില്‍ ശരതിന് ഭാര്യയെയും കുഞ്ഞിനെയും അമ്മയെയും നഷ്ടപ്പെട്ടിരുന്നു.

വീടിന്റെ നിലവിളക്ക് കൊളുത്തല്‍ കര്‍മം പികെ കുഞ്ഞാലിക്കുട്ടി എംപി, ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി നാസര്‍ അബ്ദുല്‍ ഹയ്യ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ശരത് നിര്‍വഹിച്ചു.

കഴിഞ്ഞ ഉരുള്‍പ്പൊട്ടലില്‍ ഉറ്റവരെയും വീടും നഷ്ടപ്പെട്ട ശരതിന് സ്‌നേഹത്തണലിലാണ് ഗൃഹപ്രവേശനം നടന്നത്. പാണക്കാട് കുടുംബത്തിന്റെ മേല്‍നോട്ടത്തില്‍ പണിത വീട്ടില്‍ ഇന്ന് രാവിലെയായിരുന്നു പ്രവേശന ചടങ്ങുകള്‍.

കഴിഞ്ഞ പ്രളയത്തിലാണ് മണ്ണിടിഞ്ഞ് കോട്ടക്കുന്ന് ചെരുവിലെ ശരതിന്റെ വീട് നിലംപൊത്തിയത്. അമ്മയും ഭാര്യയും കുഞ്ഞും വീടിനടിയില്‍ പെട്ടു. മൂന്നു ദിവസങ്ങള്‍ക്കു ശേഷമാണ് ഇവരുടെ മൃതദേഹം പുറത്തെടുക്കാനായത്. ശരത്തിന്റെ അവസ്ഥ നേരിട്ടറിഞ്ഞ പാണക്കാട് കുടുംബം വീടു നിര്‍മ്മാണത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു.

ആരിഫ് കളപ്പാടന്‍ സംഭാവന ചെയ്ത സ്ഥലത്ത് എട്ടു മാസം കൊണ്ടാണ് വീടുപണി പൂര്‍ത്തിയായത്. ജീവിതത്തില്‍ ഏറ്റവും വലിയ സന്തോഷവും സംതൃപ്തിയും മനസ്സില്‍ നിറഞ്ഞ നിമിഷമാണ് ഇതെന്ന് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Exit mobile version