മകളെ ഒരു നോക്ക് കാണാതെ നിതിന് അന്ത്യയാത്ര; ആശുപത്രി കിടക്കയിൽ ഉള്ളുലഞ്ഞ് ആതിര; പേരാമ്പ്രയിലെ വീട്ടിൽ ആർത്തലച്ച് കരഞ്ഞ് അമ്മയും സഹോദരിയും

കോഴിക്കോട്: അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമെ നിതിന്റെ അന്ത്യയാത്രയ്ക്ക് സാക്ഷ്യം വഹിച്ചുള്ളൂവെങ്കിലും ഒരു നാടാകെ ഈ വിയോഗത്തിൽ വിങ്ങിപ്പൊട്ടുകയാണ്. കഴിഞ്ഞദിവസം യുഎഇയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച നിതിന് ഒടുവിൽ പേരാമ്പ്രയിലെ വീട്ടുവളപ്പിൽ ചിതയൊരുങ്ങി. പിതൃസഹേദരൻ അഖിൽ നാഥ് ചിതയ്ക്ക് തീ കൊളുത്തുമ്പോൾ വീടിനകത്ത് നിന്നും നിതിന്റെ അമ്മയുടേയും സഹോദരിയുടേയും ബന്ധുക്കളുടെയും ഉള്ളുലയ്ക്കുന്ന നിലവിളി ഉയർന്നത് കേട്ടുനിൽക്കാനാകാതെ കൂടിനിന്നവരും കണ്ണീർ പൊഴിച്ചു.

ആശുപത്രി കിടക്കയിൽ ഉള്ളുലഞ്ഞ ആതിരയുടേയും കരച്ചിൽ ഉയരുമ്പോൾ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ കുഴങ്ങുകയായിരുന്നു ഡോക്ടർമാരും ബന്ധുക്കളും. പ്രസവിച്ച് 24 മണിക്കൂറിന് ശേഷം കേട്ട ഭർത്താവിന്റെ വിയോഗ വാർത്ത ഇനിയും ആതിരയ്ക്ക് ഉൾക്കൊള്ളാനായിട്ടില്ല. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള ജാഗ്രതയോടെ ആരോഗ്യപ്രവർത്തകരുടെ സാന്നിധ്യത്തിലാണ് പേരാമ്പ്രയിലെ വീട്ടുവളപ്പിൽ ഒരുക്കിയ ചിതയിലേക്ക് നിതിന്റെ ഭൗതിക ശരീരം എടുത്തത്.

പ്രവാസികളെ നാട്ടിലെത്തിക്കാൻ നടത്തിയ നിയമ പോരാട്ടത്തിലൂടെ ശ്രദ്ധേയനായ പേരാമ്പ്ര സ്വദേശി നിതിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് നാട്ടിലെത്തിച്ചത്. നെടുമ്പാശ്ശേരിയിൽ നിന്ന് റോഡ് മാർഗ്ഗം കോഴിക്കോട്ട് സ്വകാര്യ ആശുപത്രി പരിസരത്തെത്തിച്ച ശേഷമാണ് നിതിനെ കാണാൻ ആതിരയെ എത്തിച്ചത്. മൃതദേഹം പേരാമ്പ്രയിലെ വീട്ടിലെത്തിച്ചപ്പോൾ അമ്മയും സഹോദരിയടക്കമുള്ള ബന്ധുക്കൾക്ക് സഹിക്കാനായില്ല.

മുൻകൂട്ടി തയ്യാറാക്കിയ പട്ടികയിലുള്ള അടുത്ത ബന്ധുക്കൾക്കും സൃഹൃത്തുക്കൾക്കും മാത്രമാണ് അന്ത്യാഞ്ജലി അർപ്പിക്കാനായത്.

Exit mobile version