തിരുവനന്തപുരത്ത് കൊവിഡ് ചികിത്സയിലിരിക്കെ ആശുപത്രിയില്‍ നിന്ന് ഒളിച്ചോടി; തിരിച്ചെത്തിച്ച രോഗി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് ചികിത്സയിലിരിക്കെ ആശുപത്രിയില്‍ നിന്ന് ഒളിച്ചോടി ശേഷം തിരിച്ചെത്തിയ ആള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചികിത്സയിലിരിക്കേ മെഡിക്കല്‍ കോളേജില്‍നിന്നു ചാടിപ്പോയ ആനാട് സ്വദേശിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഐസൊലേഷന്‍ വാര്‍ഡില്‍ തുണിയുപയോഗിച്ച് തൂങ്ങി മരിക്കാനാണ് ഇയാള്‍ ശ്രമം നടത്തിയത്.

നിലവില്‍ അതീവ ഗുരുതരാവസ്ഥയിലുള്ള ഇയാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്നലെയാണ് കൊവിഡ്-19 രോഗത്തിന് ചികിത്സയിലായിരുന്ന ആനാട് സ്വദേശി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മുങ്ങിയത്. ആശുപത്രിവേഷത്തില്‍ തന്നെ ഓട്ടോയിലും ബസിലും കയറി വീടിനടുത്തെത്തിയ ഇയാളെ നാട്ടുകാര്‍ തടഞ്ഞുവെയ്ക്കുകയായിരുന്നു. ശേഷം ആരോഗ്യപ്രവര്‍ത്തകര്‍ എത്തി ദിശയുടെ വാഹനത്തില്‍ ഇയാളെ വീണ്ടും മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോകുകയായിരുന്നു.

തമിഴ്‌നാട്ടില്‍നിന്നു മദ്യം വാങ്ങാന്‍ പോയതിനിടെയാണ് ഇയാള്‍ക്ക് കൊവിഡ് ബാധിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു. കൂട്ടുകാരോടൊത്ത് മദ്യപിക്കുന്നതിനിടെ കുഴഞ്ഞുവീണ ഇയാളെ കഴിഞ്ഞമാസം 28-ന് രാത്രിയിലാണ് ജില്ലാ ആശുപത്രിയിലേക്കും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്കും മാറ്റിയത്.

Exit mobile version