2000 രൂപ കടമായി തരണം, ജോലിക്ക് പോയിട്ട് പണം തിരികെ തരാം, മക്കള്‍ ഒന്നും കഴിച്ചിട്ടില്ല; സഹായം അഭ്യര്‍ത്ഥിച്ച് വീട്ടമ്മയും മക്കളും പോലീസ് സ്‌റ്റേഷനില്‍, പണവും ഒപ്പം ഒരു മാസത്തെ ഭക്ഷ്യസാധനങ്ങളും നല്‍കി പോലീസുകാര്‍

പാലോട്: പട്ടിണിയെ തുടര്‍ന്ന് കടമായി 2000 രൂപ ആവശ്യപ്പെട്ട് രണ്ട് പെണ്‍മക്കളുമായി വീട്ടമ്മ പോലീസ് സ്‌റ്റേഷനില്‍. കുടുംബത്തിന്റെ അവസ്ഥ ചോദിച്ചറിഞ്ഞ പോലീസുകാര്‍ പണം കൊടുത്തതിന് പുറമേ ഒരു മാസത്തെ ഭക്ഷ്യസാധനങ്ങളും വീട്ടമ്മയ്ക്ക് നല്‍കി.

2000 രൂപ കടമായി തരണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള കത്തുമായാണ് വീട്ടമ്മ പോലീസ് സ്‌റ്റേഷനിലെത്തിയത്. കടം അഭ്യര്‍ഥിച്ചു പാലോട് എസ്‌ഐക്ക് എഴുതിയ കത്തിന്റെ ചുരുക്കം ഇതായിരുന്നു. പെരിങ്ങമ്മലയില്‍ വാടകയ്ക്കു താമസിക്കുകയാണ്.

മക്കള്‍ പ്ലസ് ടുവിലും നാലിലുമായി പഠിക്കുന്നു. ടിസി വാങ്ങാന്‍ പോകുന്നതിനു പോലും കയ്യില്‍ പണമില്ല. 2000 രൂപ കടമായി തരണം. ജോലിക്കു പോയ ശേഷം പണം തിരികെ തന്നു കൊള്ളാം. എന്നായിരുന്നു വീട്ടമ്മ കത്തില്‍ കുറിച്ചത്. കത്തു വായിച്ച എസ്‌ഐ സതീഷ്‌കുമാര്‍ ഉടന്‍ 2000 രൂപ നല്കി.

ശേഷം വീട്ടമ്മയോട് കാര്യങ്ങള്‍ തിരക്കി. ഭര്‍ത്താവ് ഉപേക്ഷിച്ചതാണെന്നും രാവിലെ കുട്ടികള്‍ ഒന്നും കഴിച്ചിട്ടില്ലെന്നും അറിഞ്ഞു. അതോടെ സ്റ്റേഷനിലെ പോലീസുകാരുടെ വകയായി ഒരു മാസത്തേക്കു ഭക്ഷ്യസാധനങ്ങള്‍ കൂടി വാങ്ങി നല്കിയാണു വീട്ടമ്മയെയും മക്കളെയും വിട്ടത്.

Exit mobile version