പുഴയിൽ വീണ് മരിച്ചതല്ല, ജെയ്‌സണെ കൊലപ്പെടുത്തിയതെന്ന് പോലീസ്; ഉറ്റസുഹൃത്ത് അറസ്റ്റിൽ

നെന്മണിക്കര: തൃശ്ശൂർ ഒല്ലൂർ സ്വദേശിയെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കടം വാങ്ങിയ പണത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഒല്ലൂർ അഞ്ചേരി കുരുതുകുളങ്ങര കൂള അന്തോണിയുടെ മകൻ ജെയ്‌സണെ (56)സുഹൃത്ത് മണലിപ്പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി. ഇയാളെ പോലീസ് അറസ്റ്റും ചെയ്തു. ഒല്ലൂർ പെരുവാംകുളങ്ങര പൊന്തേക്കൻ സൈമണാ (53)ണ് പുതുക്കാട് പോലീസിന്റെ പിടിയിലായത്.

ജെയ്‌സന്റെ കൈയ്യിൽ നിന്നും കടം വാങ്ങിയ പണം അദ്ദേഹം തിരിച്ചുചോദിച്ചത് വൈരാഗ്യത്തിനിടയാക്കിയെന്നും തർക്കത്തെ തുടർന്ന് ജെയ്‌സണെ പ്രതി പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞവർഷം ജെയ്‌സന്റെ അഞ്ചേരിയിലുള്ള വീട് വിറ്റുകിട്ടിയ തുകയിൽനിന്ന് അഞ്ച് ലക്ഷം രൂപ സൈമണ് കടംകൊടുത്തിരുന്നു. ഈ തുക സൈമൺ ദിവസങ്ങൾക്കുള്ളിൽ ചീട്ടുകളിച്ച് കളഞ്ഞു. സംഭവമറിഞ്ഞ ജെയ്‌സൺ പണം തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ടു.

ഇതിന് പിന്നാലെ ജയ്‌സനെ കൊലപ്പെടുത്താൻ തീരുമാനിച്ച ഓട്ടോഡ്രൈവറായ സൈമൺ മാർച്ച് 15ന് രാത്രി തന്റെ ഓട്ടോറിക്ഷയിൽ കയറ്റി ജെയ്‌സണെ മടവാക്കരയിലെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിക്കുകയായിരുന്നു. മദ്യം വാങ്ങിത്തരാമെന്ന് പറഞ്ഞാണ് വിളിച്ചുകൊണ്ടുപോയത്. തുടർന്ന് ഇരുവരും പണത്തെച്ചൊല്ലി തർക്കമുണ്ടായി.

പുഴയോരത്തു നിന്ന ജെയ്‌സണെ സൈമൺ ബലമായി പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം സൈമൺ മൊബൈൽ ഫോൺ ഓഫാക്കി മുങ്ങി. പെരുമ്പാവൂരിലും പാലക്കാടും ഒളിവിൽ കഴിഞ്ഞിരുന്ന സൈമൺ പത്ത് ദിവസം മുൻപാണ് നാട്ടിലെത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ മുങ്ങിമരണമാണെന്ന് തെളിഞ്ഞിരുന്നുവെങ്കിലും സംഭവത്തിൽ പോലീസിന് സംശയമുണ്ടായിരുന്നു. ജെയ്‌സൺ പണം കടംകൊടുത്ത ആളുകളെക്കുറിച്ച് നടത്തിയ അന്വേഷണവും മണലിയിൽ എത്താനുള്ള സാഹചര്യവുമാണ് പ്രതിയിലേക്ക് അന്വേഷണം എത്തിച്ചത്.

പുതുക്കാട് എസ്എച്ച്ഒ എസ്പി സുധീരൻ, എസ്‌ഐമാരായ കെഎൻ സുരേഷ്, ടിപി പോൾ, എഎസ്‌ഐമാരായ ടിഎ റാഫേൽ, മുഹമ്മദ് റാഫി, സീനിയർ സിപിഒ ഷാജു ചാതേലി, സിപിഒ കെഎസ് സിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ സൈമണെ റിമാൻഡ് ചെയ്തു.

Exit mobile version