പുതിയ ക്ലാസ്മുറിയിലെ ഫസ്റ്റ് ബെല്ലിന് ടിവിയും ഉപയോഗിച്ച ഫോണും നൽകാം; ഓൺലൈൻ ക്ലാസ് നഷ്ടപ്പെടുന്ന കുട്ടികൾക്ക് സഹായമെത്തിക്കാൻ തലശ്ശേരി എംഎൽഎ; കൈകോർക്കാൻ അഭ്യർത്ഥന

തലശ്ശേരി: കൊവിഡ് മഹാമാരിയുടെ വ്യാപനത്തെ ഭയന്ന് അധ്യയനം പോലും മാറ്റിവെച്ച് പ്രതിരോധ കോട്ട തീർക്കുകയാണ് കേരളം. കൊവിഡ് പ്രതിരോധത്തിൽ മാതൃകയായ കേരളം പുതിയ പഠനമാതൃക സൃഷ്ടിച്ചും മുന്നേറുകയാണ്. പതിവുതെറ്റിക്കാതെ ജൂണിൽ തന്നെ വിദ്യാർത്ഥികൾക്കായി ഓൺലൈനായി പഠനം ആരംഭിച്ചുകഴിഞ്ഞു. കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടേയും യൂട്യൂബ് സംപ്രേക്ഷണത്തിലൂടെയുമാണ് അധ്യയനം പുരോഗമിക്കുന്നത്.

അതേസമയം, സ്മാർട്ട് ഫോണും ടിവിയും ഇല്ലാത്തതിനാൽ പഠനം മുടങ്ങുന്ന അവസ്ഥയിലുള്ള വിദ്യാർത്ഥികൾക്കും സഹായം ഒരുക്കേണ്ടതുണ്ട്. ഇക്കാര്യത്തിനായി മുന്നിട്ടിറങ്ങി മാതൃക തീർക്കുകയാണ് തലശ്ശേരി എംഎൽഎ എഎൻ ഷംസീർ. സ്വന്തം മണ്ഡലത്തിലെ സ്മാർട്ട് ഫോണും ടിവിയും ഇല്ലാതെ പഠനം മുടങ്ങുന്ന വിദ്യാർത്ഥികളുടെ പട്ടിക തയ്യാറാക്കി പഞ്ചായത്തുകളുമായും മുൻസിപ്പാലിറ്റികളുമായും സഹകരിച്ചുള്ള പദ്ധതിയാണ് എംഎൽഎ തയ്യാറാക്കിയിരിക്കുന്നത്.

ടിവികളും വീടുകളിൽ ഉപയോഗിക്കാതെ വെറുതെ ഇരിക്കുന്ന ഫോണുകളും ഉണ്ടെങ്കിൽ സുമനസുകൾക്ക് എംഎൽഎ ഓഫീസിലേക്ക് സംഭാവന ചെയ്യാം. ഇത് അർഹരായ വിദ്യാർത്ഥികളിലേക്ക് എത്തിക്കാൻ സന്നദ്ധരായി എംഎൽഎയും സുഹൃത്തുക്കളുമുണ്ട്. മഹാമാരി കാലത്ത് നാളെയുടെ തലമുറയ്ക്കായി കഴിയും വിധത്തിൽ സഹായഹസ്തം നീട്ടുന്ന ഈ പദ്ധതിയിൽ പങ്കാളികളാകുന്നത് തന്നെ ഒരു സാമൂഹിക നന്മയാണ്.

ഈ പുതിയ സന്നദ്ധപ്രവർത്തനത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈൻ പഠനസഹായിയായ ടിവിയോ ഉപയോഗിച്ച ഫോണോ അർഹരായവർക്ക് സമ്മാനിക്കാവുന്നതാണ്. ഇതിനായി തലശ്ശേരി എംഎൽഎ എൻ ഷംസീറിന്റെ ഓഫീസുമായി ബന്ധപ്പെടാം.

ഫോൺ നമ്പർ: അർജുൻ എസ്‌കെ-9400086010

Exit mobile version