ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലും വെര്‍ച്വല്‍ ക്യൂ: ഒരു ദിവസം 750 പേര്‍ക്ക് ദര്‍ശനം, ബുക്കിങിന് ആധാര്‍ നിര്‍ബന്ധം

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങള്‍ തുറക്കുമ്പോള്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലും വെര്‍ച്വല്‍ ക്യൂ വഴി ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരമൊരുക്കും.

ക്ഷേത്ര ദര്‍ശനത്തിന് ഓണ്‍ലൈനായി ബുക്ക് ചെയ്യണം. ക്ഷേത്രത്തിന്റെ വെബ്‌സൈറ്റിലൂടെയാണ് ദര്‍ശനത്തിനുളള ബുക്കിങ്. സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ ഭാഗമായി വെര്‍ച്വല്‍ ക്യൂവിനുളള ക്രമീകരണങ്ങള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ആധാര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ബുക്കിങ്ങ് ചെയ്യാം.

ആധാറില്ലാത്തവര്‍ക്ക് മാത്രം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ വോട്ടേഴ്‌സ് ഐഡി ഉപയോഗിക്കാം. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവരെ തിരിച്ചറിയാനാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നത്. ഒരുസമയം ദര്‍ശനം നടത്തിയ മുഴുവന്‍ പേരെയും തിരിച്ചറിയാന്‍ ആധാര്‍ സഹായകമാകും.

ചൊവ്വാഴ്ച മുതലാണ് ദര്‍ശനം. ക്ഷേത്രത്തില്‍ പ്രവേശന കവാടത്തില്‍ തന്നെ തെര്‍മല്‍ സ്‌കാനിങ് ഉണ്ടാകും. രോഗ ലക്ഷണങ്ങള്‍ ഉളളവരെ കടത്തിവിടില്ല. രണ്ട് സ്ലോട്ടുകളിലായാണ് ദര്‍ശനം അനുവദിച്ചിരിക്കുന്നത്. 65 വയസ് കഴിഞ്ഞവര്‍ക്കും 10 വയസില്‍ താഴെയുളളവര്‍ക്കും പ്രവേശനമില്ല.

രാവിലെ 8.15 മുതല്‍ 11:15 വരെയാണ് ആദ്യ സ്ലോട്ട്. വൈകിട്ട് 4.15 മുതല്‍ 6:30 വരെയാണ് രണ്ടാമത്തെ സ്ലോട്ട്. വെര്‍ച്വല്‍ ക്യൂ മുഖേനയല്ലാതെ ദര്‍ശനം അനുവദിക്കില്ല. വിവിഐപി ദര്‍ശനം ഉണ്ടാവില്ല. എങ്കിലും രണ്ട് ടൈം സ്ലോട്ടുകളിലായി 5 മിനിറ്റ് ബുക്കിങ്ങില്ലാതെ മാറ്റിവച്ചിട്ടുണ്ട്.

മറ്റ് ക്ഷേത്രങ്ങളെ അപേക്ഷിച്ച് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര പരിസരം വിശാലമാണ്. അതുകൊണ്ടു തന്നെ 600-750 പേര്‍ക്ക് ഒരു ദിവസം വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം നടത്താന്‍ കഴിയും.

ഇതുവരെ കാണിക്കയായി ലഭിച്ച തുക രണ്ട് ദിവസത്തിനുളളില്‍ എണ്ണി തിട്ടപ്പെടുത്തും.
ഒഴിഞ്ഞ ഭണ്ഡാരങ്ങളിലാകും ദര്‍ശനം തുടങ്ങുന്ന ദിവസം മുതല്‍ ലഭിക്കുന്ന കാണിക്കകള്‍. പൂജാ കര്‍മ്മങ്ങളില്‍ 65 വയസ് കഴിഞ്ഞവരുടെ കാര്യത്തില്‍ ക്ഷേത്രഭരണ സമിതി തീരുമാനമെടുക്കും.

Exit mobile version