ശ്രീപത്മനാഭസ്വാമി ക്ഷേത്ര കേസില്‍ സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം ആര്‍ക്ക് എന്നതില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിക്കുക. 2019 ഏപ്രില്‍ 10ന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ കേസില്‍ ഇന്ന് രാവിലെ 10.30നാണ് ജസ്റ്റിസ് യുയു ലളിത് വിധി പുറപ്പെടുവിക്കുക. ക്ഷേത്ര ഭരണത്തിനായി പ്രത്യേക സമിതി രൂപീകരിക്കണമെന്ന ശുപാര്‍ശ രാജകുടുംബവും സര്‍ക്കാരും കോടതിയില്‍ നല്‍കിയിട്ടുണ്ട്.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്തുക്കളുടെ കൈകാര്യാവകാശവും ഭരണവും സംസ്ഥാന സര്‍ക്കാറിനാണോ അതോ തിരുവിതാംകൂര്‍ രാജകുടുംബത്തിനാണോ എന്ന കാര്യത്തിലാണ് ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, യുയു ലളിത് എന്നിവരടങ്ങിയ ബെഞ്ച് ഇന്ന് വിധി പറയുക. രാജഭരണം അവസാനിച്ചെന്നും അവസാനത്തെ രാജാവ് അന്തരിച്ചെന്നും ചൂണ്ടിക്കാട്ടി ക്ഷേത്ര ഭരണം സംസ്ഥാന സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ 2011ലെ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് തിരുവിതാംകൂര്‍ രാജകുടുംബമാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ക്ഷേത്രസ്വത്ത് സ്വകാര്യ സ്വത്താണെന്ന് ആദ്യം ഹൈക്കോടതിയില്‍ നിലപാടെടുത്തിരുന്ന തിരുവിതാംകൂര്‍ രാജകുടുംബം ദേവനവകാശപ്പെട്ട പൊതുസ്വത്താണെന്ന് പിന്നീട് സുപ്രീംകോടതിയില്‍ തിരുത്തി. ക്ഷേത്ര സ്വത്തിലല്ല, ഭരണപരമായ അവകാശം മാത്രമാണ് തങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് രാജകുടുംബത്തിന്റെ വാദം.

അതേസമയം ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യത്തിലും കോടതി ഇന്ന് തീരുമാനം വ്യക്തമാക്കും. ബി നിലവറ തുറന്നാല്‍ ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിക്കുമെന്നാണ് രാജകുടുംബത്തിന്റെ നിലപാട്. എന്നാല്‍ ബി നിലവറ ഏഴ് തവണ തുറന്നിട്ടുണ്ടെന്നാണ് മുന്‍ സിഎജി വിനോദ് റായ് സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അറിയിച്ചത്. നിലവറ തുറന്ന് കണക്കെടുപ്പ് നടത്തണമെന്നാണ് സര്‍ക്കാരിന്റെയും നിലപാട്.

Exit mobile version