ശബരിമലയില്‍ ഭക്തര്‍ക്കായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ചു

അഞ്ചുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ബുക്കിംഗ് ആവശ്യമില്ല

പത്തനംതിട്ട: ശബരിമലയില്‍ ഭക്തര്‍ക്കായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ചു. www.sabarimalaonline.org എന്ന വെബ്‌സൈറ്റിലൂടെ ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ചെയ്യാം. ഈ സേവനം തികച്ചും സൗജന്യമാണ്.
വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് സംവിധാനത്തില്‍ ഭക്തര്‍ക്ക് മരക്കൂട്ടത്തുനിന്ന് ചന്ദ്രാനന്ദന്‍ റോഡ് വഴി സന്നിധാനത്തെ നടപ്പന്തലിലെത്തുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുന്നതിനായ് ഭക്തര്‍ അവരുടെ പേര്, വയസ്, ഫോട്ടോ, വിലാസം, തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ വെബ് സൈറ്റില്‍ നല്‍കണം. ബുക്ക് ചെയ്യുന്ന എല്ലാ തീര്‍ത്ഥാടകരുടെയും വിവരങ്ങള്‍ പ്രത്യേകമായി തന്നെ രേഖപ്പെടുത്തണം. വെബ് സൈറ്റില്‍
നല്‍കിയിരിക്കുന്ന കലണ്ടറില്‍ നിന്ന് തീര്‍ത്ഥാടകര്‍ക്ക് ദര്‍ശന ദിവസവും സമയവും തെരഞ്ഞെടുക്കാനും സാധിക്കും. അഞ്ചുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ബുക്കിംഗ് ആവശ്യമില്ല. ബുക്കിംഗ് പൂര്‍ത്തിയാക്കിയതിന് ശേഷം വെര്‍ച്വല്‍ ക്യൂ സേവ് ചെയ്ത് പ്രിന്റ് എടുക്കണം.

വെര്‍ച്വല്‍ ക്യൂ കൂപ്പണ്‍ ലഭിച്ചവര്‍ ദര്‍ശനദിവസം പമ്പ ഗണപതി അമ്പലത്തിലെ ആഞ്ജനേയ മണ്ഡപത്തിലെ പോലീസിന്റെ വെരിഫിക്കേഷന്‍ കൗണ്ടറില്‍ കാണിച്ച് പ്രവേശന കാര്‍ഡ് കൈപ്പറ്റേണ്ടതാണ്. ബുക്കിംഗിന് ഉപയോഗിച്ച ഫോട്ടോ തിരിച്ചറിയല്‍ കാര്‍ഡും കൗണ്ടറില്‍ കാണിക്കണം.

വെര്‍ച്വര്‍ ക്യൂ സംവിധാനത്തിന് പുറമെ സ്വാമി ക്യൂ ബുക്കിംഗും ഭക്തര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഇത് മരക്കൂട്ടത്തുനിന്ന് ശരംകുത്തി വഴി സന്നിധാനത്ത് എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിന്റെ
ബുക്കിംഗ് നവംബര്‍ എട്ടിനാണ് ആരംഭിക്കുക.

Exit mobile version