അവകാശം രാജകുടുംബത്തിന്; പത്മനാഭസ്വാമി ക്ഷേത്ര തര്‍ക്കത്തില്‍ അന്തിമ വിധി പറഞ്ഞ് സുപ്രീംകോടതി

ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ രാജകുടുംബത്തിന് അനുകൂല വിധി. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം താല്‍ക്കാലിക ഭരണസമിതിക്ക് കൈമാറി സുപ്രീംകോടതി ഉത്തരവിട്ടു. ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം സമര്‍പ്പിച്ച അപ്പീല്‍ അംഗീകരിച്ച സുപ്രീംകോടതി ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ രാജകുടുംബത്തിനുള്ള അവകാശം ഇല്ലാതാവുന്നില്ലെന്നും വ്യക്തമാക്കി. രാജാവിന്റെ മരണം ആചാരപരമായ കുടുംബത്തിന്റെ അവകാശം ഇല്ലാതാക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, യുയു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്

അതേസമയം ക്ഷേത്രം പൊതുക്ഷേത്രമായി തുടരുമെന്നും എന്നാല്‍ അതിന്റെ നടത്തിപ്പില്‍ രാജകുടുംബത്തിനും അവകാശമുണ്ടെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. പുതിയ ഭരണസമിതിയെ ക്ഷേത്രഭരണം ഏല്‍പ്പിക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. അതുവരെ ജില്ലാ ജഡ്ജി അധ്യക്ഷനായ ഒരു താല്‍ക്കാലിക സമിതി തല്‍ക്കാലത്തേക്ക് ക്ഷേത്ര ഭരണം തുടരും.

അതേസമയം ക്ഷേത്രത്തിന്റെ ഭരണസംവിധാനവും പൊതുസ്ഥിതിയും പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി നല്‍കിയ റിപ്പോര്‍ട്ടില്‍ രാജകുടുംബത്തിനെതിരെ രൂക്ഷവിമര്‍ശനം ഉണ്ടായിരുന്നു. സിഎജി വിനോദ് റായിയും ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ പല അപാകതകളുമുണ്ടെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇത്രയും പ്രതികൂല ഘടകങ്ങള്‍ ഉണ്ടായിട്ടും ക്ഷേത്രഭരണത്തില്‍ പങ്കാളിയാവാന്‍ സാധിച്ചത് രാജകുടുംബത്തിന് വലിയ വിജയമാണ് നല്‍കിയിരിക്കുന്നത്.

രാജഭരണം അവസാനിച്ചെന്നും അവസാനത്തെ രാജാവ് അന്തരിച്ചെന്നും ചൂണ്ടിക്കാട്ടി ക്ഷേത്ര ഭരണം സംസ്ഥാന സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ 2011ലെ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് തിരുവിതാംകൂര്‍ രാജകുടുംബമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ക്ഷേത്രസ്വത്ത് സ്വകാര്യ സ്വത്താണെന്ന് ആദ്യം ഹൈക്കോടതിയില്‍ നിലപാടെടുത്തിരുന്ന തിരുവിതാംകൂര്‍ രാജകുടുംബം ദേവനവകാശപ്പെട്ട പൊതുസ്വത്താണെന്ന് പിന്നീട് സുപ്രീംകോടതിയില്‍ തിരുത്തി

Exit mobile version