അക്ഷയ് കുമാര്‍ നിങ്ങളെ പറ്റി ഒരു സിനിമ എടുക്കും; പത്തനംതിട്ട കളക്ടറെ പുകഴ്ത്തി ബോളിവുഡ് താരം, പിബി നൂഹിനെ ദേശീയ തലത്തില്‍ പരിചയപ്പെടുത്തിയ കാര്‍ത്തിക് ആര്യനെ അഭിനന്ദിച്ച് മലയാളികളും

മുംബൈ: പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹിനെ ‘ഹീറോ’ എന്ന് അഭിസംബോധന ചെയ്ത് ബോളിവുഡ് താരം കാര്‍ത്തിക് ആര്യന്‍. കോകി പൂഛേഗാ എന്ന പരിപാടിയില്‍ നൂഹുമായി സംസാരിക്കുന്നതിനിടെയാണ് കാര്‍ത്തിക് ആര്യന്‍ പത്തനംതിട്ട കളക്ടറെ ഹീറോയെന്ന് വിളിച്ചത്.

ലോകം മുഴുവന്‍ ഇന്ന് നേരിടുന്ന കൊവിഡിനെ പ്രതിരോധിക്കുന്നതിനായി പിബി നൂഹ് നടത്തിയ ഇടപെടലുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കാര്‍ത്തിക് ആര്യന്‍ കളക്ടറെ അഭിമുഖത്തിന് ക്ഷണിച്ചത്.

അഭിമുഖത്തിനിടെ കാര്‍ത്തിക് ചോദിച്ചു, നൂഹ് നിങ്ങളാണെന്റെ ഹീറോ എന്ന് മലയാളത്തില്‍ എങ്ങനെ പറയും എന്ന്. കാര്‍ത്തിക് ആര്യനാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ എന്നായിരുന്നു പിന്നാലെ കളക്ടര്‍ നല്‍കിയ മറുപടി. എന്നാല്‍ മൊഴിമാറ്റത്തില്‍ ആര്യന് എന്തോ പന്തികേട് തോന്നി.

മലയാളം അറിയില്ലെങ്കിലും പറഞ്ഞ കാര്യം കാര്‍ത്തിക് തിരിച്ചറിഞ്ഞു. പിന്നീട് പത്തനംതിട്ടയില്‍ നടപ്പിലാക്കിയ പദ്ധതികളെ കുറിച്ചും ദുരന്തസമയങ്ങളില്‍ കേരളം എങ്ങനെ അതിനെ നേരിടുമെന്ന എല്ലാ കാര്യവും കാര്‍ത്തിക് ആര്യന്‍ അഭിമുഖത്തിനിടെ നൂഹിനോട് ചോദിച്ചറിഞ്ഞു.

ഈ അഭിമുഖം കണ്ടുകഴിഞ്ഞാല്‍ അക്ഷയ് കുമാര്‍ നിങ്ങളെ പറ്റി ഒരു സിനിമ എടുക്കും എന്ന് കാര്‍ത്തിക് പറഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ അതിന്റെ പകര്‍പ്പവകാശം കാര്‍ത്തിക് ആര്യനാണെന്ന് നിങ്ങള്‍ അക്ഷയ് കുമാറിനോട് പറയണമെന്നും താരം ഓര്‍മ്മിപ്പിച്ചു.

കളക്ടറെ ഹീറോയെന്ന് വിളിച്ച കാര്‍ത്തിക് ആര്യന്‍ ഏപ്പോഴാണ് താങ്കള്‍ ഒരു ഹീറോ ആണെന്ന് സ്വയം തിരിച്ചറിഞ്ഞതെന്ന് കളക്ടറോട് ചോദിച്ചു. എന്നാല്‍ താന്‍ ഹീറോ അല്ല ഒരു ഓഫീസര്‍ മാത്രം എന്നായിരുന്നു കാര്‍ത്തിക്കിന്റെ ചോദ്യത്തിനുള്ള നൂഹിന്റെ മറുപടി.

പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹുമായി ബോളിവുഡ് താരം കാര്‍ത്തിക് ആര്യന്‍ നടത്തിയ ഓണ്‍ലൈന്‍ അഭിമുഖം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പിബി നൂഹിനെ ദേശീയ തലത്തില്‍ പരിചയപ്പെടുത്തിയ കാര്‍ത്തിക് ആര്യനെ മലയാളികള്‍ അഭിനന്ദിച്ചു.

Exit mobile version