നടന്‍ മിഥുന്‍ ചക്രവര്‍ത്തി ആശുപത്രിയില്‍

കൊല്‍ക്കത്ത: ബോളിവുഡ് നടനും ബിജെപി നേതാവുമായ മിഥുന്‍ ചക്രവര്‍ത്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് ശനിയാഴ്ച രാവിലെയാണ് നടനെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ചികിത്സയിലാണ് താരം. മിഥുന്‍ ചക്രവര്‍ത്തിയാണ് ബോളിവുഡില്‍ ഡിസ്‌കോ ഡാന്‍സിനെ ഏറെ ജനപ്രിയമാക്കിയത്. എണ്‍പതുകളില്‍ ബോളിവുഡിന്റെ ഹരമായിരുന്നു മിഥുന്‍. ഇന്ത്യന്‍ ജാക്സണ്‍ എന്നാണ് മിഥുന്‍ അറിയപ്പെടുന്നത്.

ഈ വര്‍ഷം മിഥുന്‍ ചക്രവര്‍ത്തിയ്ക്ക് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചിരുന്നു.”പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ട്. എല്ലാവരോടും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ആരോടും എനിക്കായി ഒന്നും ചോദിച്ചിട്ടില്ല. ചോദിക്കാതെ തന്നെ എന്തൊക്കെയോ കിട്ടുന്ന അനുഭൂതിയാണ് ഇന്ന് ഞാന്‍ അനുഭവിക്കുന്നത്. ഇത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ്. അതൊരു വല്ലാത്ത വികാരമാണ്. ‘എന്നാണ് പുരസ്‌കാരം പ്രഖ്യാപനത്തിനു ശേഷം മിഥുന്‍ പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പുറത്തിറങ്ങിയ ബംഗാളി ചിത്രം കാബൂളിവാലയിലാണ് മിഥുന്‍ ഒടുവില്‍ അഭിനയിച്ചത്. സുമന്‍ ഘോഷായിരുന്നു സംവിധാനം.

Exit mobile version