കൈതച്ചക്ക വെച്ചത് കർഷകരാകാം: ലക്ഷ്യം വെച്ചത് പന്നിയെ എന്ന് സൂചന; പാലക്കാട്ടെ സംഭവം മലപ്പുറത്തിന്റെ തലയിൽ കെട്ടിവെച്ച് വംശീയനിറം നൽകൽ തെറ്റ്; വിശദീകരിച്ച് അധികൃതർ

മണ്ണാർക്കാട് : കൈതച്ചക്കയിൽ സ്‌ഫോടക വസ്തു വെച്ചത് ആനയെ ലക്ഷ്യം വെച്ചല്ലെന്ന് സൂചന. കർഷകർ കൃഷി നശിപ്പിക്കാനെത്തുന്ന പന്നികളെ ഓടിക്കാനായി ചെയ്തതാണെന്നാണ് ഉയരുന്ന സംശയം. കൈതച്ചക്കയിൽ ഒളിപ്പിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ആന ചെരിഞ്ഞ സംഭവത്തിൽ അന്വേഷണം ശക്തമാകുമ്പോൾ ഉദ്യോഗസ്ഥരെ കുഴക്കുന്നത് ആനയുടെ സഞ്ചാരപഥമാണ്.

ആന ചരിഞ്ഞതിന് സമീപത്തെ തോട്ടങ്ങളിലെ ആളുകളെും മറ്റും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രദേശത്തെ തോട്ടങ്ങൾ കേന്ദ്രീകരിച്ച് അന്വഷണം നടക്കുന്നുണ്ടെങ്കിലും ആന കിലോമീറ്ററുകൾ സഞ്ചരിച്ച് ഈ പ്രദേശത്ത് എത്തിയതാകാമെന്ന ചിലസംശയങ്ങളുമുണ്ട്. ആനയുടെ ദാരുണാന്ത്യത്തിന് പിന്നാലെ സംഭവം നടന്നത് മലപ്പുറത്താണെന്ന് വ്യാജവാർത്തയിറക്കി പ്രമുഖർ ചില വംശീയ പ്രസ്താവനകൾ നടത്തിയതും ചർച്ചയാവുകയാണ്.

ഒരു ദേശീയ മാധ്യമത്തിലാണ് മലപ്പുറത്താണ് സംഭവം നടന്നതെന്ന വാർത്ത വന്നത്. എന്നാൽ മേയ് 23ന് പാലക്കാട് അമ്പലപ്പാറയിലാണ് ആനയെ ആദ്യം കണ്ടെത്തുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ റേഞ്ച് ഓഫീസർ ആഷിഖ് അലി പറയുന്നത്. സംഭവത്തിന് വംശീയ നിറം നൽകുന്നത് ശരിയല്ല. ഈ സംഭവം കർഷകരും വന്യജീവികളും തമ്മിലുള്ള സംഘർഷത്തിന്റെ അനന്തരഫലമാണെന്നും ആഷിഖ് അലി പറഞ്ഞു.

അതേ സമയം ആനയെ കണ്ടെത്തുന്നതിന് ഒരാഴ്ച മുമ്പ് തന്നെ സംഭവം നടന്നിട്ടുണ്ടാകാമെന്നും അപകടം നടന്ന സ്ഥലത്തു നിന്ന് ആന കിലോമീറ്ററുകൾ താണ്ടിയിട്ടുണ്ടാവാമെന്നുമാണ് ഫോറസ്റ്റ് സർജൻ ഡോ. ഡേവിഡ് എബ്രഹാം പറയുന്നത്. ‘ആനയെ കണ്ടെത്തുമ്പോൾ അതിന്റെ വായിൽ പുഴുവരിച്ചുള്ള വ്രണമുണ്ടായിരുന്നു. ഒരാഴ്ച മുമ്പെങ്കിലും അപകടം സംഭവിച്ചിരിക്കണം. അങ്ങനെയാണെങ്കിലേ വ്രണം പുഴുവരിക്കുന്ന അവസ്ഥയിലെത്തൂ. അതിനെ കണ്ടെത്തിയ മേഖലയിൽ വെച്ചു തന്നെയാണോ അപകടം സംഭവിച്ചതെന്ന് തീർച്ചപ്പെടുത്താനാവില്ല. വേദന കാരണം ആന ഓടാനുള്ള സാധ്യതയുണ്ട്. അതിനാൽ അപകടം നടന്നത് എവിടെയണെന്ന് തീർച്ചപ്പെടുത്താനാവില്ല. ആന രക്ഷപ്പെടില്ല എന്ന് ആദ്യമേ അറിയാമായിരുന്നു. കണ്ടെത്തുമ്പോൾ ഭക്ഷണം കഴിക്കാനാവാതെ എല്ലും തോലുമായ അവസ്ഥയായിരുന്നു. വയറ്റിൽ വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വെള്ളത്തിൽ നിലകൊണ്ട ആന വീണ് ശ്വാസകോശത്തിൽ വെള്ളം കയറിയാണ് ചെരിയുന്നത്,’ ആനയെ പോസ്റ്റുമോർട്ടം ചെയ്ത ഡോ. ഡേവിഡ് എബ്രഹാം പറയുന്നു. പൊതുവെ പന്നികളെ ഓടിക്കാൻ പഴങ്ങളിലും മറ്റും പടക്കം നിറയ്ക്കുന്ന രീതി പാലക്കാടൻ മേഖലകളിലുണ്ട്. പക്ഷെ ഇത്തരത്തിൽ ആനയുടെ വായ തകർന്ന് ചെരിയുന്ന സംഭവം ആദ്യമാണെന്ന് ഫോറസ്റ്റ് ഓഫീസർ ആഷിഖ് അലി പറഞ്ഞു. കപ്പക്കാടുകളിൽ പന്നികളെ ഓടിക്കാനാണ് ഇത് ഉപയോഗിച്ചിരുന്നത്. ഇപ്പോഴും തോട്ട മേഖലകളിലും പന്നിപ്പടക്കം കർഷകർ അനധികൃതമായി ഉപയോഗിക്കുന്നുണ്ട്.

Exit mobile version