വന്ദേ ഭാരത് മിഷന്‍; ജൂണ്‍ അഞ്ച് മുതല്‍ കൂടുതല്‍ വിമാനങ്ങള്‍ കൊച്ചിയിലെത്തും, ഇതുവരെ കൊച്ചി വിമാനത്താവളത്തിലെത്തിയത് പതിനായിരത്തോളം പ്രവാസികള്‍

കൊച്ചി: ലോക്ക്ഡൗണിനെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയവരെ ഇന്ത്യയിലേയ്ക്കെത്തിക്കുന്ന വന്ദേ ഭാരത് ദൗത്യത്തില്‍ ഇതുവരെ കൊച്ചി വിമാനത്താവളത്തിലെത്തിയത് പതിനായിരത്തോളം പ്രവാസികള്‍. ജൂണ്‍ അഞ്ച് മുതല്‍ കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് പ്രവാസികള്‍ കൊച്ചി വിമാനത്താവളത്തിലെത്തും.

മെയ് ഏഴിന് ആരംഭിച്ച വന്ദേഭാരത് മിഷനിലെ ആദ്യവിമാനം കൊച്ചി പറന്നിറങ്ങിയത് നെടുമ്പാശ്ശേരി വിമാനത്താവളത്തിലായിരുന്നു. തുടര്‍ന്നിങ്ങോട്ട് വിവിധ രാജ്യങ്ങളില്‍ നിന്നായി പതിനായിരത്തോളം പ്രവാസികളാണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ മടങ്ങിയെത്തിയത്. അമേരിക്ക, ബ്രിട്ടന്‍ എന്നിവക്ക് പുറമേ യൂറോപ്യന്‍ യൂണിയനിലെ വിവിധ രാജ്യങ്ങളില്‍ നിന്നും പ്രവാസികള്‍ കൊച്ചിയില്‍ വിമാനമിറങ്ങി. നൈജീരിയില്‍ നിന്ന് 312 പേരുമായുള്ള എയര്‍പീസ് വിമാനവും കൊച്ചിയിലാണ് പറന്നിറങ്ങിയത്.

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനം ജൂണ്‍ അഞ്ചിന് രാത്രി 7.45 ന് കൊച്ചിയിലെത്തും. വിയറ്റ്നാമില്‍ നിന്ന് ജൂണ്‍ ഏഴിനും കെയ്റോയില്‍ നിന്ന് 16 നും യുക്രൈനിലെ കീവില്‍ നിന്ന് 19 നും കൊച്ചിയിലേക്ക് വിമാനമെത്തുന്നുണ്ട്.

ലണ്ടനില്‍ നിന്ന് 22 നും ഫിലിപ്പീന്‍സിലെ സെബുവില്‍ നിന്ന് 23 നും എയര്‍ ഇന്ത്യാ വിമാനങ്ങള്‍ കൊച്ചിയിലെത്തും. മാള്‍ട്ട നിന്ന് എയര്‍ മാള്‍ട്ട ജൂണ്‍ ഒമ്പതിനും ലണ്ടനില്‍ നിന്ന് ബ്രിട്ടീഷ് എയര്‍വേയ്സ് 10 നും കൊച്ചിയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. മാര്‍ച്ച് മുതല്‍ തന്നെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗവും പ്രവര്‍ത്തനനിരതമാണ്. ഇതുവരെ 205 രാജ്യാന്തര കാര്‍ഗോ വിമാനങ്ങളാണ് കൊച്ചിയിലെത്തിയത്. 4644 മെട്രിക് ടണ്‍ കാര്‍ഗോ കയറ്റുമതിയും 224 മെട്രിക് ടണ്‍ കാര്‍ഗോ ഇറക്കുമതിയുമാണ് ഇക്കാലയളവില്‍ ഇവിടെ നടന്നത്.

Exit mobile version