കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം കേരളത്തിന്റെ വികസനം, എന്നാല്‍ ശിവഗിരിയോടും ശബരിമലയോടുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമീപനം വ്യക്തമായെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ശിവഗിരി പദ്ധതി താത്കാലികമായെങ്കിലും റദ്ദാകാന്‍ കാരണം സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. അസത്യം പ്രചരിപ്പിക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാപ്പുപറയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ശിവഗിരി പദ്ധതി കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ പദ്ധതി താത്കാലികമായെങ്കിലും റദ്ദാകാന്‍ കാരണം സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

പദ്ധതികള്‍ക്കായി അനുവദിച്ച പണത്തില്‍ നിന്ന് നയാപൈസാ ചെലവഴിക്കാതെ കേരളാ സര്‍ക്കാരും ടൂറിസം മന്ത്രിയും പദ്ധതി റദ്ദായപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറഞ്ഞ് ജനങ്ങളെ തെറ്റിധരിപ്പിക്കുകയായിരുന്നെന്നും അസത്യം പ്രചരിപ്പിക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാപ്പുപറയണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

2015-19 കാലത്ത് 503.73 കോടി രൂപയാണ് ശിവഗിരി, ശബരിമല പദ്ധതികള്‍ക്കുള്‍പ്പടെ കേന്ദ്രം അനുവദിച്ചത്. 336.59 കോടി രൂപ പുതുക്കി നല്‍കുകയും ചെയ്തു. ഇക്കാലത്തിനിടയില്‍ ഇതില്‍ നിന്ന് വെറും 178.78 കോടി മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയത്.

കേരളത്തിന്റെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ കടുത്ത അനാസ്ഥയാണ് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നതെന്നും അനുവദിച്ച പദ്ധതികളില്‍ രണ്ടെണ്ണമൊഴിച്ച് മറ്റൊന്നിന്റെയും പ്രവര്‍ത്തനം പ്രാഥമിക ഘട്ടത്തില്‍ പോലും എത്തിയില്ലെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

ശബരിമല, ശിവഗിരി പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ വലിയ അനാസ്ഥയാണ് വരുത്തിയിട്ടുള്ളത്. കേന്ദ്രം നല്‍കിയ ഒറ്റപ്പണവും സംസ്ഥാനം ചെലവിട്ടില്ല. ശിവഗിരിയോടും ശബരിമലയോടുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമീപനമാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Exit mobile version