കാലവര്‍ഷമെത്തി; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടും കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു, ‘നിസര്‍ഗ’ ചുഴലിക്കാറ്റ് ഇന്നെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ എത്തി. ഇനി സെപ്റ്റംബര്‍വരെ മഴക്കാലം. ഇത്തവണ രാജ്യത്ത് കാലവര്‍ഷം സാധാരണ തോതിലായിരിക്കുമെന്നാണു കാലാവസ്ഥാ പ്രവചനം. കേരളമുള്‍പ്പെടുന്ന തെക്കന്‍ മേഖലയില്‍ ദീര്‍ഘകാല ശരാശരിയുടെ 102 ശതമാനം വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.

അതേസമയം ഇന്ന് കേരളത്തില്‍ ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. കൊല്ലം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

അതേസമയം ലക്ഷദ്വീപിനടുത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഗോവ തീരത്തിനടുത്ത് ശക്തമായി. ഇതു ചൊവ്വാഴ്ചയോടെ ശക്തമായ ചുഴലിക്കാറ്റായി മാറും. ‘നിസര്‍ഗ’ എന്നാണ് ഈ ചിഴലിക്കാറ്റിന് നല്‍കിയിരിക്കുന്ന പേര്. ചുഴലിക്കാറ്റ് മഹാരാഷ്ട്രയുടെ വടക്കും ഗുജറാത്തിന്റെ തെക്കും തീരത്തെത്തും. മഹാരാഷ്ട്രയിലെ റായിഗഡിലെ ഹരിഹരേശ്വറിനും ദാമനും ഇടയില്‍ ബുധനാഴ്ച വൈകീട്ടോടെ കരയിലെത്തും. നാലിന് കാറ്റിന് ശക്തികുറയും. കേരള, കര്‍ണാടക, ലക്ഷദ്വീപ്, ഗോവ തീരങ്ങളില്‍ മീന്‍പിടിത്തം നിരോധിച്ചിട്ടുണ്ട്.

Exit mobile version