ഗുരുവായൂരിലും കല്യാണ മണ്ഡപങ്ങളിലും 50 പേരുടെ പരിധിയില്‍ വിവാഹം നടത്താം, വിദ്യാലയങ്ങള്‍ സാധാരണ പോലെ തുറക്കുന്നത് ജൂലായിലോ അതിനു ശേഷമോ മതി; മുഖ്യമന്ത്രി

തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 50 പേര്‍ എന്ന പരിധിവെച്ച് വിവാഹ ചടങ്ങുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ അവലോകനത്തിന് ശേഷം തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍;

വിദ്യാലയങ്ങള്‍ സാധാരണ പോലെ തുറക്കുന്നത് ജൂലായിലോ അതിനു ശേഷമോ മതിയെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും ഇക്കാര്യം കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്യും. ലോക്ക്ഡൗണില്‍ നിന്ന് ഘട്ടംഘട്ടമായി പുറത്തുകടക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതില്‍ ചില കാര്യങ്ങളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരാനോ, കര്‍ക്കശമാക്കനോ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തേയും രോഗവ്യാപനത്തിന്റെ സ്ഥിതി വിലയിരുത്തിയാണ് ഇത്തരത്തില്‍ മാറ്റം വരുത്തേണ്ടത്. കേന്ദ്രമാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കുകയുണ്ടായി. ഇതില്‍ ചിലകാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കും.

കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂട്ടംകൂടുന്നത് തുടര്‍ന്നും അനുവദിക്കാന്‍ സാധിക്കില്ല. രോഗവ്യാപനം തടയാന്‍ അതാവശ്യമാണ്. കേരളത്തില്‍ സംഘം ചേരല്‍ അനുവദിച്ചാല്‍ റിവേഴ്സ് ക്വാറന്റീന്‍ പരാജയപ്പെടും. പ്രായമായവര്‍ വീടുകളില്‍ നിന്ന് പുറത്തുവന്നാല്‍ അപകടം കൂടുതലാണ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അമ്പതുപേര്‍ എന്ന പരിധിവെച്ച് വിവാഹ ചടങ്ങുകള്‍ അനുവദിക്കാമെന്നാണ് കാണുന്നത്.

കല്യാണ മണ്ഡപങ്ങളിലും മറ്റു ഹാളുകളിലും അമ്പതു പേര്‍ എന്ന നിലയില്‍ വിവാഹചടങ്ങുകള്‍ക്ക് മാത്രമായി അനുമതി നല്‍കും. വിദ്യാലയങ്ങള്‍ സാധാരണ പോലെ തുറക്കുന്നത് ജൂലായിലോ അതിനുശേഷമോ മതിയെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും ഇക്കാര്യം കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്യും. എട്ടാം തീയതിക്ക് ശേഷം അനുവദിക്കേണ്ട ഇളവുകളുടെ കാര്യത്തില്‍ സംസ്ഥാനത്തിന്റെ അഭിപ്രായം കേന്ദ്രത്തെ അറിയിക്കും. കണ്ടെയ്ന്‍മെന്റ് സോണില്‍ പൂര്‍ണലോക്ക്ഡൗണായിരിക്കും. ജൂണ്‍ 30 വരെ ഇന്നത്തെ നിലയില്‍ അത് തുടരും.

Exit mobile version