വൈകിട്ട് ബഡായി ബംഗ്ലാവ് നടത്തുന്ന മുഖ്യമന്ത്രി പ്രവാസികളെ അപമാനിക്കുന്നുവെന്ന് ചെന്നിത്തല, സമയത്ത് നാട്ടിലെത്തിച്ചിരുന്നെങ്കില്‍ കുറച്ചു പേരെയെങ്കിലും രക്ഷിക്കാമായിരുന്നെന്ന് ഉമ്മന്‍ചാണ്ടി; മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

തിരുവനന്തപുരം:യുഡിഎഫ് എംപിമാരുടെയും എംഎല്‍എമാരുടെയും നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നിലും കളക്ടറേറ്റുകള്‍ക്ക് മുന്നിലും ധര്‍ണ. കൊറോണയുടെ സാഹചര്യത്തില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ ഫീസ് ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ യുഡിഎഫിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസികളെ അപമാനിക്കുകയാണെന്നും പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊടുത്താല്‍ അത് പരിഗണിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ക്രൂരതയാണ് സര്‍ക്കാര്‍ പ്രവാസികളോട് കാണിച്ചുകൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

സര്‍ക്കാര്‍ ധിക്കാരത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. വൈകിട്ട് ബഡായി ബംഗ്ലാവ് നടത്തുന്ന മുഖ്യമന്ത്രി പ്രവാസികളെ അപമാനിക്കുകയാണ്. വിദേശത്ത് മരിച്ചവര്‍ക്ക് സര്‍ക്കാര്‍ ഒരു സഹായവും ചെയ്തില്ലെന്നും കൊറോണയുടെ മറവില്‍ സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

ബെവ് ക്യൂ ക്രമക്കേടില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെ ഉത്തരവാദിയാണെന്നും ഐടി സെക്രട്ടറി ശിവശങ്കരനാണ് കമ്പനിയെ തെരഞ്ഞെടുത്തതെന്നും ഐടി സെക്രട്ടറി മുഖ്യമന്ത്രിയുടെ സെക്രട്ടറി കൂടിയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. രമേശ് ചെന്നിത്തലയെ കൂടാതെ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രംഗത്തെത്തി.

പ്രവാസികള്‍ക്കായി ഒന്നും ചെയ്യാത്തവര്‍ ഇപ്പോള്‍ ഫൈന്‍ ഏര്‍പ്പെടുത്തിയെന്നും അവരെ സമയത്ത് നാട്ടിലെത്തിച്ചിരുന്നെങ്കില്‍ കുറച്ചു പേരെയെങ്കിലും രക്ഷിക്കാമായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രവാസികളില്‍ നിന്ന് ക്വാറന്റീന് പണം ഈടാക്കുന്നത് നിര്‍ത്തണമെന്നും തീരുമാനം പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ വ്യക്തമാക്കി.

Exit mobile version