കോവിഡ് പ്രതിരോധം: മഹാരാഷ്ട്രയ്ക്ക് സഹായവുമായി കേരളത്തില്‍ നിന്നും ഡോക്ടര്‍മാര്‍ മുംബൈയിലേക്ക്

കൊച്ചി: മഹാരാഷ്ട്രയില്‍ കോവിഡ് അനിയന്ത്രിയമായി പടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നും ഡോക്ടര്‍മാര്‍ മുംബൈയിലേക്ക്. വെള്ളിയാഴ്ച വൈകുന്നേരം കേരളത്തില്‍ നിന്ന് രണ്ട് ഡോക്ടര്‍മാര്‍ മുംബൈയില്‍ കോവിഡ് ചികിത്സയ്ക്ക് സഹായിക്കാനായി എത്തും.

ഡോ. സന്തോഷ് കുമാര്‍, ഡോ. സജീഷ് ഗോപാലന്‍ എന്നിവരാണ് മുംബൈയിലേക്ക് പുറപ്പെട്ടത്. അടുത്ത ആഴ്ച അമ്പത് ഡോക്ടര്‍മാരും 100 നഴ്‌സുമാരും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മുംബൈയിലേക്ക് കോവിഡ് ചികിത്സകളെ സഹായിക്കുന്നതിനായി എത്തും. ഇതില്‍ ഭൂരിഭാഗം പേരും കേരളത്തില്‍ നിന്നുള്ളവരാണ്.

തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഡെപ്യൂട്ടി സൂപ്രണ്ടാണ് ഡോ. സന്തോഷ്. കാസര്‍കോട് കോവിഡ് ആശുപത്രി സ്ഥാപിച്ച സംഘത്തിന്റെ തലവനായിരുന്നു ഡോ. സന്തോഷ്. ഇദ്ദേഹം മാത്രമാണ് മുംബൈയിലേക്ക് പോകാന്‍ പ്രത്യേക അനുമതി വാങ്ങിയ സര്‍ക്കാര്‍ ഡോക്ടര്‍. ബാക്കിയുള്ള ഡോക്ടമാര്‍ എല്ലാവരും
സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവരാണ്. ഡോക്ടര്‍ സന്തോഷാണ് മുംബൈയില്‍ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്.

മുംബൈയിലെ റേസ് കോഴ്സ് റോഡില്‍ 600 കിടക്കകളുള്ള ആശുപത്രി സ്ഥാപിക്കാന്‍ സഹായിക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പ്രതീക്ഷിക്കുന്നത്. പുതിയ ആശുപത്രിയാണ് കോവിഡ് ചികിത്സകള്‍ക്കായി സജ്ജമാക്കുക. മുംബൈയിലെ കോവിഡ് പ്രതിരോധത്തിനായി കേരളത്തില്‍ നിന്ന് ഡോക്ടര്‍മാരയും നഴ്‌സുമാരെയും വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് മുംബൈ കേരളത്തിന് കത്തയച്ചിരുന്നു.

Exit mobile version