കൊവിഡ് മാനേജുമെന്റിന് മാത്രമായി 620.71 കോടി ലഭ്യമാക്കി; അതില്‍ 227.35 കോടി ചെലവിട്ടു; മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് മാനേജുമെന്റിന് മാത്രമായി മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ മുഖേന 620.71 കോടി ലഭ്യമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ 227.35 കോടി ചെലവിട്ടുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ 12191 ഐസൊലേഷന്‍ കിടക്കകള്‍ സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതില്‍ ഇപ്പോള്‍ 1080 പേരാണ് ഉള്ളത്. 1296 സര്‍ക്കാര്‍ ആശുപത്രികളില്‍ 49602 കിടക്കകളും തയ്യാറാണ്. 1369 ഐസിയു കിടക്കകളും 1045 വെന്റിലേറ്ററുകളും ഉണ്ട്. സ്വകാര്യ മേഖലയില്‍ 866 ആശുപത്രികളിലായി 81904 കിടക്കകളും 6059 ഐസിയു കിടക്കകളും 1588 വെന്റിലേറ്ററും ഉണ്ട്.

സംസ്ഥാനത്ത് 851 കൊവിഡ് കെയര്‍ സെന്ററുകളുണ്ട്. ഇപ്പോള്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് കൊണ്ട് വല്ലാതെ പരിഭ്രമിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത് ഒരാള്‍ക്ക് മാത്രമാണ്. പ്രധാന ശ്രദ്ധ രോഗം പടരാതിരിക്കാനാണ്. അത് കണ്ടെത്താനാണ് നാം ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. ഐസിഎംആര്‍ നിഷ്‌കര്‍ഷിച്ച വിധത്തില്‍ എല്ലാവരെയും പരിശോധിക്കുന്നു. ഇതിന് കൃത്യമായ പദ്ധതി തയ്യാറാക്കി എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Exit mobile version