സംസ്ഥാനത്ത് മദ്യവിതരണം ആരംഭിച്ചു; തിരക്കില്ലാതെ വിൽപ്പന പുരോഗമിക്കുന്നു; ആപ്പിൽ ആശങ്ക തന്നെ

കോഴിക്കോട്: സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമായി വെർച്വൽ ക്യൂ സംവിധാനത്തോടെ മദ്യ വിതരണം പുനരാരംഭിച്ചു. രാവിലെ ഒമ്പത് മുതലാണ് മദ്യ വിതരണം തുടങ്ങിയത്. ക്യൂവിൽ അഞ്ചു പേർക്ക് മാത്രമാണ് നിൽക്കാനുള്ള അനുമതി. കൃത്യമായി ഇത് പാലിച്ചുകൊണ്ട് തിരക്കൊന്നുമില്ലാതെയാണ് ആദ്യമണിക്കൂറിലെ വിൽപ്പന പുരോഗമിക്കുന്നത്. എവിടേയും തുടക്കത്തിൽ അനുഭവപ്പെട്ടില്ല.

അതേസമയം ടോക്കൺ വിതരണത്തിനായി തയ്യാറാക്കിയ ആപ്പിൽ സാങ്കേതിക തടസ്സം തുടരുകയാണ്. ക്യൂആർ കോഡ് സ്‌കാൻ ചെയ്യാനുമാകുന്നില്ല. ബാറുടമകൾക്കും ബിവറേജ് അധികൃതർക്കുമായി തയ്യാറാക്കിയ ആപ്പും ഇതുവരെ പൂർണ്ണ സജ്ജമായില്ല. ബുക്ക് ചെയ്ത ഉപഭോക്താക്കളുടെ വിവരങ്ങൾക്കും ക്യൂ ആർകോഡ് സ്‌കാനിങിനും ഉൾപ്പെടെയുള്ള ആപ്പാണ് സജ്ജമാകാത്തത്. അതുകൊണ്ട് വ്യാജ ടോക്കൺ വന്നാൽ തിരിച്ചറിയാനാകില്ലെന്ന് ബാറുടമകൾ പരാതിപ്പെട്ടു. ടോക്കൺ സ്‌കാൻ ചെയ്യാൻ സാധിക്കാത്തിടത്ത് ബിൽ നൽകി മദ്യം നൽകാനാണ് തീരുമാനം.

ഉപഭോക്താക്കൾക്കുള്ള ആപ്പിനെതിരെ നേരത്തെ തന്നെ വ്യാപക പരാതി ഉയർന്നിരുന്നു. പലർക്കും ഒടിപി മണിക്കൂറുകൾ കഴിഞ്ഞാണ് വരുന്നത്. ചിലർക്ക് രജിസ്‌ട്രേഷൻ നടപടികളിലേക്ക് കടക്കാൻ സാധിക്കുന്നില്ല. ഹാങിങ് പ്രശ്‌നവുമുണ്ട്. പ്ലേസ്റ്റോറിൽ ആപ്പ് ലഭ്യമാണെങ്കിലും തുടക്കത്തിൽ സെർച്ചിൽ ലഭ്യമല്ല. നിർമ്മാതാക്കൾ നൽകിയ ലിങ്ക് വഴിയാണ് ആളുകൾ ആപ്പ് ഡൗൺലോഡ് ചെയ്യുന്നത്.

Exit mobile version