ഞായറാഴ്ച എല്ലാവരും വീടും പരിസരവും വൃത്തിയാക്കണം; ശുചീകരണ ദിനമാചരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സമ്പൂര്‍ണ ലോക്ഡൗണായ ഞായറാഴ്ച ശുചീകരണ ദിനമായി ആചരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡിന് പുറമേ മഴക്കാലരോഗങ്ങള്‍ തടയുക എന്നത് പ്രധാനമാണ്. അതുകൊണ്ട് തന്നെ സംസ്ഥാനത്താകെ ഞായറാഴ്ച ശുചീകരണ ദിനമായി ആചരിക്കണമെന്ന് സര്‍വകക്ഷി യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി.

ഞായറാഴ്ച ദിവസം എല്ലാവരും വീടും പരിസരവും ശുചീകരിക്കുന്നതില്‍ വ്യാപൃതരാകണം. രോഗങ്ങള്‍ പടരാനുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കുന്ന തരത്തിലാകും ഈ ശുചീകരണ പ്രവര്‍ത്തനം. ഇതില്‍ എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്ന് സര്‍വ കക്ഷിയോഗത്തിന്റെ ഭാഗമായിട്ട് കൂടി ജനങ്ങളോട് ആഭ്യര്‍ഥിക്കുകയാണ്’- മുഖ്യമന്ത്രി പറഞ്ഞു.

പൊതുസ്ഥലങ്ങള്‍ ശുചിയാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണം. ജനങ്ങള്‍ ഒന്നിച്ച് നിന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനാകും എന്ന ആത്മവിശ്വാസം സര്‍ക്കാരിനുണ്ട്. ഇതിനായി എല്ലാ പാര്‍ട്ടികളുടേയും സഹകരണം സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.

രോഗവ്യാപനം തടയുന്നതിനുള്ള നിബന്ധനകള്‍ പാലിക്കുന്നതിനും ഇക്കാര്യം ജനങ്ങളെ ബോധവത്കരിക്കുന്നതിനും ഓരോ പാര്‍ട്ടിയും പ്രത്യേകം ശ്രമിക്കണമെന്ന അഭ്യര്‍ഥനയാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്. എല്ലാ പാര്‍ട്ടികളും ഇക്കാര്യം സമ്മതിച്ചു. ഇതില്‍ സര്‍ക്കാരിന് സന്തോഷമുണ്ട്. എല്ലാ കക്ഷി നേതാക്കളോടും സര്‍ക്കാരിന് വേണ്ടി നന്ദി പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version