ക്വാറന്റൈന് പണം ഈടാക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല; സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണ് കൊവിഡ് വ്യാപനത്തിന് കാരണം: വി മുരളീധരൻ

തിരുവനന്തപുരം: കൊവിഡ് സംസ്ഥാനത്ത് സാമൂഹ്യ വ്യാപനഘട്ടത്തിൽ എത്തിയോ എന്നറിയാൻ കേരള സർക്കാർ എന്തുനടപടിയാണ് കൈക്കൊണ്ടതെന്ന് ചോദ്യം ചെയ്ത് കേന്ദ്രമന്ത്രി വി മുരളീധരൻ. സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണ് കേരളത്തിലെ കൊവിഡ് വ്യാപനത്തിന് കാരണമെന്നും മന്ത്രി കുറ്റപ്പെടുത്തി. പ്രവാസികളുടെ ക്വാറന്റൈൻ സൗകര്യം ഒരുക്കുന്നതിന് നിർബന്ധമായി പണം വാങ്ങണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.

കൊവിഡ് പരിശോധയുടെ കാര്യത്തിൽ കേരളം 26ാം സ്ഥാനത്താണ്. സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോയെന്ന് മനസിലാക്കാൻ കേരളം എന്ത് നടപടി സ്വീകരിച്ചുവെന്നും അദ്ദേഹം ചോദിച്ചു. ക്വാറന്റൈൻ സൗകര്യം ഒരുക്കുന്നതിന് പണം വാങ്ങുന്നത് സംബന്ധിച്ച് കേന്ദ്രത്തിന്റെ നിർദേശമുണ്ടെന്നാണ് സംസാന സർക്കാരിലെ ചിലർ പറയുന്നത്. കേന്ദ്രത്തിന്റെ മാർഗനിർദേശത്തിൽ പറഞ്ഞത് പണം വാങ്ങിയുള്ള ക്വാറന്റൈൻ ആകാം എന്നാണ്. എന്നാൽ പണമില്ലാത്തവരിൽ നിന്ന് നിർബന്ധിച്ച് പണം വാങ്ങണം എന്ന് സംസ്ഥാന സർക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല.

കഴിഞ്ഞ രണ്ടാഴ്ചയിൽ കഷ്ടിച്ച് 10000 പ്രവാസികൾ മാത്രമേ കേരളത്തിലേക്ക് വന്നിട്ടുള്ളൂ. വരും ആഴ്ചയിൽ പതിനായിരക്കണക്കിനാളുകൾ വരും. ആ സാഹചര്യം മുൻകൂട്ടി കാണാതെ കത്തെഴുതിയാൽ അതിന്റെ മേൻമ മാത്രം കിട്ടുമെന്നും വി മുരളീധരൻ പറഞ്ഞു. നരേന്ദ്ര മോഡി സർക്കാർ പ്രവാസികളെ തിരിച്ചു കൊണ്ടുവരില്ല എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണോ ഈ പ്രഖ്യാപനങ്ങളെല്ലാം നടത്തിയതെന്നും അദ്ദേഹം ചോദിച്ചു.

Exit mobile version