തലശേരി മത്സ്യ മാര്‍ക്കറ്റ് അടച്ചു; സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നു

തലശേരി: കോവിഡ് ബാധിച്ച് ധര്‍മ്മടം സ്വദേശി ആസിയ മരിച്ചതോടെ തലശേരി മത്സ്യ മാര്‍ക്കറ്റ് അധികൃതര്‍ അടച്ചു. മത്സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ടവരുടെ വിശദമായ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി വരികയാണ്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയാണ് ധര്‍മ്മടം ചാത്തോടം ഫര്‍സാന മല്‍സിലില്‍ ആസിയ മരിച്ചത്. ഇവരുടെ കുടുംബത്തിലെ എട്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പക്ഷേ ഇവര്‍ക്ക് എവിടെനിന്നാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്താനായിട്ടില്ല.

ഇവരുടെ കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ ആളുകളുടേയും സ്രവം പരിശോധിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. ഈ പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ആളുകളുടേയും സ്രവം പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആസിയയെ ചികിത്സിച്ച തലശേരി സഹകരണ ആശുപത്രിയിലെ പ്രമുഖ ഡോക്ടര്‍ ഉള്‍പ്പെടെ ഹൈ റിസ്‌കില്‍പെട്ട 15 ആരോഗ്യ പ്രവര്‍ത്തകരുടേയും കോവിഡ് പരിശോധന ഫലം നെഗറ്റീവാണ്.

24 അംഗങ്ങളുള്ള ആസിയയുടെ കുടുംബത്തില്‍ ഇതുവരെ എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആസിയയുടെ വീട് സ്ഥിതി ചെയ്യുന്ന ധര്‍മ്മടം പഞ്ചായത്തില്‍ പെട്ട വാര്‍ഡ് പൂര്‍ണമായും അടച്ചു. ഈ വാര്‍ഡിലെ വീടുകളിലേക്ക് നിത്യോപയോഗ സാധനങ്ങള്‍ എത്തിച്ചു നല്‍കാന്‍ വളണ്ടിയര്‍മാരെ നിയോഗിച്ചു. സബ് കളക്ടര്‍ ഉള്‍പ്പെടെ പഞ്ചായത്ത് തലത്തില്‍ നടന്ന യോഗത്തിലാണ് വളണ്ടിയര്‍മാരെ നിയോഗിക്കാന്‍ തീരുമാനിച്ചത്.

Exit mobile version