വാഹനങ്ങളില്‍ അനുവദനീയമായതിലും അധികം ആളുകളെ കയറ്റുന്ന ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ എന്നിവയില്‍ അനുവദനീയമായതിലും അധികം ആളുകളെ കുത്തി നിറച്ച് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയരുന്നുണ്ടെന്ന് മുഖ്യമന്ത്രി. വിലക്ക് ലംഘിച്ച് ആളുകളെ കയറ്റുന്ന വാഹന ഉടമകള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡ് അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

ബസുകളിലും ബസ് സ്റ്റാന്റിലും തിരക്കനുഭവപ്പെടുന്നു. ഓട്ടോകളിലും കൂടുതല്‍ പേര്‍ സഞ്ചരിക്കുന്നു. പലയിടത്തു നിന്നും ഇത്തരം പരാതികള്‍ കിട്ടുന്നു. വിലക്ക് ലംഘിച്ച് ആളുകളെ കയറ്റുന്ന വാഹന ഉടമകള്‍ക്കെതിരെ നടപടി ഉണ്ടാകും. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യും. തിരക്കൊഴിവാക്കാന്‍ പോലീസും കാര്‍ക്കശ്യത്തോടെ ഇടപെടും. – മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക് ഡൗണില്‍ വിവിധ ഇളവുകളില്‍ വന്നതിനെ തുടര്‍ന്ന് കടകളിലും ചന്തകളിലും ആള്‍ക്കൂട്ടം കാണുന്നു. ഇത് തുടരാനാവില്ല. ജാഗ്രതയില്‍ അയവ് പാടില്ല. സുരക്ഷിതമായി ഇളവ് പ്രയോജനപ്പെടുത്തണം. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം. ജനപ്രതിനിധികളുടെ സഹകരണം ഇക്കാര്യത്തില്‍ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും നിയന്ത്രണമുണ്ട്. വിവാഹത്തിന് പരമാവധി 50 പേര്‍ക്കും മരണത്തിന് 20 പേര്‍ക്കുമേ പങ്കെടുക്കാവൂ. ഇത് ലംഘിക്കപ്പെടുന്നുണ്ട്. ഇത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ സുരക്ഷാ മാനദണ്ഡം കര്‍ശനമായി പാലിക്കണം. അവര്‍ക്ക് വൈറസ് ബാധയുണ്ടാകുന്നത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും. അവരുടെ സേവനമാണ് ഏറ്റവും വിലപ്പെട്ടത്. പിപിഇ കിറ്റ് ധരിക്കാതെ രോഗികളുമായി ബന്ധപ്പെടരുത്. പോലീസിന്റെ കാര്യത്തിലും ഇത് ബാധകമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version