നിയന്ത്രണം വിട്ട ലോറി മതിലിലും മരത്തിലും ഇടിച്ചു, അരിച്ചാക്കുകളെല്ലാം റോഡില്‍, ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

accident | bignewslive

കോട്ടയം: നിയന്ത്രണം വിട്ട ലോറി മതിലില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കോട്ടയത്താണ് സംഭവം. പാലാ പയപ്പാറിന് സമീപം ലോഡുമായി പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.


കോട്ടയം ചിങ്ങവനം ചാന്നാനിക്കാട് സ്വദേശി ചാക്കോ ആണ് മരിച്ചത്. അറുപത്തിയേഴ് വയസ്സായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെയായിരുന്നു അപകടം.

ചിങ്ങവനത്തെ ഫുഡ് കോര്‍പറേഷന്‍ ഗോഡൗണില്‍ നിന്നും അരിയുമായി തൊടുപുഴ അറക്കുളത്തെ ഗോഡൗണിലേയ്ക്ക് പോവുകയായിരുന്നു ലോറി. തൊടുപുഴ റോഡില്‍ മുണ്ടാങ്കല്‍ പള്ളിയ്ക്കും പയപ്പാറിനും ഇടയില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

also read:പ്രധാനമന്ത്രിയെത്തും, തൃശ്ശൂരില്‍ വിവിധയിടങ്ങളില്‍ പ്രാദേശിക അവധി, ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല

ഓടിക്കൊണ്ടിരുന്ന ലോറി നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. വീടിന്റെ മതിലിടിച്ച ലോറി സമീപത്തുള്ള മരത്തിലും ഇടിച്ചു നിന്നു. ഇടിയുടെ ആഘാതത്തില്‍ അരിച്ചാക്കുകള്‍ റോഡിലേക്ക് ചിതറി വീണു.

അപകടത്തില്‍ ലോറിയും തകര്‍ന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ ചാക്കോ മരിച്ചു. അപകടത്തില്‍ മരിച്ച ചാക്കോയുടെ മൃതദേഹം പാലാ ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.

Exit mobile version