പാവപ്പെട്ടവര്‍ക്ക് സൗജന്യനിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ്; കെ ഫോണ്‍ ഡിസംബറില്‍ പുറത്തിറക്കും

തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്ക് സൗജന്യനിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ 1548 കോടി രൂപയുടെ കെ-ഫോണ്‍ പദ്ധതിക്ക് തുടക്കമിട്ടു. ഇക്കൊല്ലം ഡിസംബറില്‍ ഈ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാഭ്യാസരംഗത്തുള്ള പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കെ-ഫോണ്‍ സൗകര്യം ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.എല്‍ഡിഎഫ് സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ വികസ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതില്‍ രാജ്യത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. 2018ല്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ സ്റ്റേറ്റ് സ്റ്റാര്‍ട്ടപ്പ് റാങ്കിങ്ങില്‍ ടോപ് പെര്‍ഫോര്‍മറായി തെരഞ്ഞെടുത്തത് കേരളത്തെയാണ്. 2016ല്‍ 300 സ്റ്റാര്‍ട്ട്അപ്പുകളാണ് കേരളത്തില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 2200 ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവരസാങ്കേതിക വിദ്യയിലധിഷ്ഠിതമായ 1600ലധികം സ്റ്റാര്‍ട്ടപ്പുകളും രണ്ടുലക്ഷത്തിലധികം ഇന്‍ക്യുബേഷന്‍ സ്‌പേസുകളും ഇന്ന് കേരളത്തിലുണ്ട്. സ്റ്റാര്‍ട്ട്അപ്പുകളിലെ നിക്ഷേപം ഇതേ കാലയളവില്‍ 2.2 കോടിയില്‍നിന്ന് 875 കോടിയായി വര്‍ധിച്ചു.സ്റ്റാര്‍ട്ട്അപ്പുകള്‍ക്കും മറ്റും അനുകൂലമായ ഭൗതികവും ഡിജിറ്റലുമായ സൗകര്യങ്ങള്‍ ഒരുക്കുന്നതോടൊപ്പം പൗരന്മാര്‍ക്കുവേണ്ടിയും അത്തരം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. അങ്ങനെ ഇന്റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറി.

പൊതു ഇടങ്ങളിലും ലൈബ്രറികളിലും മറ്റും സൗജന്യ വൈ ഫൈ സേവനം ലഭ്യമാക്കാനും സര്‍ക്കാര്‍ മുന്‍കൈയ്യെടുത്തു. ഇവയിലൂടെയൊക്കെ മനുഷ്യന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരിക്കുന്ന ശാസ്ത്രസാങ്കേതിക വിദ്യയെ എല്ലാ വിഭാഗം പൗരന്മാര്‍ക്കും തുല്യമായി ഉറപ്പുവരുത്തുകയാണ് ചെയ്തത്. ഇതും നമ്മുടെ രാജ്യത്തിനാകെ മാതൃകയായി തീര്‍ന്ന ഇടപെടലാണ്. രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാര്‍ട്ട്അപ് എക്കോസിസ്റ്റമാണ് കേരളത്തിലുള്ളത്.

രാജ്യത്തെ ഏറ്റവും വലിയ സംയോജിത സ്റ്റാര്‍ട്ട്അപ്പ് സമുച്ചയം കൊച്ചിയില്‍ ആരംഭിച്ചു. അവിടെ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ ഫാബ് ലാബ് ലോകോത്തര നിലവാരമുള്ളതാണ്. ഐടി മേഖലയില്‍ ലോകോത്തര കമ്പനികള്‍ കേരളത്തിലേക്കു വന്നുതുടങ്ങി. നിസാന്‍ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബ്, ടെക് മഹീന്ദ്ര, ഹിറ്റാച്ചി, ടെറാനെറ്റ്, എച്ച് ആന്റ് ആര്‍ ബ്ലോക്ക്, വേ ഡോട്ട് കോം, എയര്‍ബസ് ബിസ്ലാബ് തുടങ്ങിയവരും പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. വിഎസ്എസ്സിയുമായി ചേര്‍ന്ന് ആരംഭിച്ച സ്‌പേസ് പാര്‍ക്കില്‍ അഗ്‌നിക്കൂള്‍ കോസ്‌മോസ്, ബെല്ലാര്‍സ്റ്റിക്, സാറ്റ്ഷുവര്‍ എന്നീ കമ്പനികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാനത്തെ ഐടി സ്‌പേസ് ഇരട്ടിയാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version