ശുചിത്വമില്ലെന്ന് ആരോപണം; ആദിവാസി വിദ്യാര്‍ത്ഥികളെ നാല് ദിവസം വെയിലത്ത് നിര്‍ത്തി അധ്യാപികയുടെ ക്രൂരത; നാണക്കേടായി മലപ്പുറത്തെ മാതൃകാ സ്‌കൂള്‍

പ്രാക്തന ആദിവാസി ഗോത്രവിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികളെ ശുചിത്വമില്ലെന്ന് ആരോപിച്ച് നാല് ദിവസം തുടര്‍ച്ചയായി വെയിലത്ത് നിര്‍ത്തിയതായി പരാതി.

മലപ്പുറം: പ്രാക്തന ആദിവാസി ഗോത്രവിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികളെ ശുചിത്വമില്ലെന്ന് ആരോപിച്ച് നാല് ദിവസം തുടര്‍ച്ചയായി വെയിലത്ത് നിര്‍ത്തിയതായി പരാതി. ഗോത്രങ്ങള്‍ക്കുള്ള മാതൃകാ സ്‌കൂളിലാണ് സംഭവം. പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള കാട്ടുനായ്ക്കര്‍, ചോലനായ്ക്കര്‍ വിഭാഗത്തിലെ കുട്ടികള്‍ മാത്രം താമസിച്ച് പഠിക്കുന്ന നിലമ്പൂരിലെ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് പ്രധാനധ്യാപിക ഈ ക്രൂരകൃത്യം ചെയ്തത്.

വിഷയവുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ പട്ടിക ജാതി പട്ടികവര്‍ഗ കമ്മിഷന്‍, കളക്ടര്‍, പോലീസ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. പ്രധാനാധ്യാപിക തങ്ങളെ 4 ദിവസം വെയിലത്ത് നിര്‍ത്തിയെന്ന് ഏഴാം ക്ലാസിലെ 2 ആണ്‍കുട്ടികളാണ് പരാതി പറഞ്ഞത്. സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥികളായ സുനില്‍, രാജേഷ് എന്നിവരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ വെയിലത്ത് നിര്‍ത്തിയതായി പരാതിയുള്ളത്. ഇരുവരെയും വീട്ടിലേക്ക് കൊണ്ടുപോകാന്‍ രക്ഷിതാക്കളോട് ഫോണില്‍ നിര്‍ദ്ദേശിച്ചെന്നും ആരോപണമുണ്ട്.

വിവരമറിഞ്ഞെത്തിയ ഇരുവരുടെയും രക്ഷിതാക്കളായ കേത്തന്‍, അനീഷ് എന്നിവര്‍ നിലമ്പൂര്‍ പോലീസ് സ്റ്റേഷനിലെത്തി അധ്യാപികക്കെതിരെ പരാതി നല്‍കി. പഠിക്കാത്തവര്‍ സ്‌കൂളിലെത്തേണ്ടതില്ലെന്ന് പ്രധാനധ്യാപിക കുട്ടികളോട് പറഞ്ഞതായി രക്ഷിതാക്കള്‍ പറഞ്ഞു. സ്‌കൂളില്‍ 100 ശതമാനം വിജയം ഉറപ്പാക്കുന്നതിനായാണ് ഈ ശ്രമമെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. സംഭവം വിവാദമായതോടെ കുട്ടികള്‍ക്ക് സ്‌കൂളില്‍ തുടരാന്‍ തടസ്സമില്ലെന്ന് പ്രധാനാധ്യാപിക അറിയിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ സ്വയം ക്ലാസില്‍ കയറാതിരുന്നതാണെന്നാണ് സ്‌കൂളിന്റെ ചുമതലയുള്ള സീനിയര്‍ സൂപ്രണ്ട് എ സുബ്രഹ്മണ്യന്‍ വിശദീകരിക്കുന്നത്.

കുട്ടികള്‍ അറിയിച്ചതിനു പിന്നാലെ രക്ഷിതാക്കളും പിടിഎ പ്രസിഡന്റ് നിര്‍മലന്‍ ചോക്കാട് പട്ടിക ജാതി പട്ടിക വര്‍ഗ സംഘടനകളുടെ ഭാരവാഹികളായ എംആര്‍ ചിത്ര, സിഎംഅനില്‍, വാസു മുണ്ടേരി, കെ ഷിബു, കെകെ ഉണ്ണിക്കൃഷ്ണന്‍ എന്നിവരും സ്‌കൂളിലെത്തി വിവരങ്ങള്‍ ആരാഞ്ഞു. ചര്‍ച്ചയ്ക്കിടെ പ്രധാനാധ്യാപികയുമായി വാക്കുതര്‍ക്കവുമുണ്ടായി.

എഎസ്‌ഐ വി ശശികുമാറിന്റെ നേതൃത്വത്തില്‍ പോലീസും എത്തിയിരുന്നു. എന്നാല്‍ കുട്ടികളെ പുറത്ത് നിര്‍ത്തിയിട്ടില്ലെന്നും പഠിക്കാത്തവര്‍ സ്‌കൂളില്‍ വരേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും പ്രഥമാധ്യാപിക ആര്‍ സൗദാമിനി പറഞ്ഞു. തന്നെയും സ്ഥാപനത്തെയും തകര്‍ക്കാനുള്ള ശ്രമമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version