ഡീസലില്‍ മായം: കാറിന്റെ എഞ്ചിന്‍ തകരാറിലായ ഉടമയ്ക്ക് ഭാരത് പെട്രോളിയം അരലക്ഷം നഷ്ടപരിഹാരം നല്‍കണം! ഒടുവില്‍ മൂവാറ്റുപുഴ സ്വദേശിക്ക് നീതി

മായം കലര്‍ത്തിയ ഡീസല്‍ വിറ്റഴിച്ച പെട്രോളിയം കമ്പനിക്കു കിട്ടിയത് എട്ടിന്റെ പണി.

മൂവാറ്റുപുഴ: അപകടകരമായ രീതിയില്‍ മായം കലര്‍ത്തിയ ഡീസല്‍ വിറ്റഴിച്ച പെട്രോളിയം കമ്പനിക്കു കിട്ടിയത് എട്ടിന്റെ പണി. ഈ ഡീസല്‍ കാറില്‍ നിറച്ചതിനെതുടര്‍ന്നു എഞ്ചിന്‍ തകരാറായതിനാല്‍ കാറുടമയ്ക്ക് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ 50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം ഉത്തരവായി. മുടവൂര്‍ തോട്ടുപുറം ബിന്ദു ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചെറിയാന്‍ കുര്യാക്കോസ് പ്രസിഡന്റും ഷീന്‍ ജോര്‍ജ് സീന കുമാരി എന്നിവര്‍ അംഗങ്ങളായുള്ള ഫോറത്തിന്റെ വിധി.

ബിപിസിഎലിന്റെ മൂവാറ്റുപുഴയിലെ ഔട്ട്‌ലെറ്റില്‍നിന്നു ഡീസല്‍ അടിച്ച ബിന്ദു ജോര്‍ജിന്റെ വാഹനം നിന്നുപോയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഡീസലില്‍ മായം കലര്‍ന്നെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. എഞ്ചിന്‍ തകരാര്‍ പരിഹരിക്കാന്‍ 55,393 രൂപ ചെലവായെന്ന് ഹര്‍ജിക്കാരി ബോധിപ്പിച്ചു.

ബിന്ദു ജോര്‍ജിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ഡീസല്‍ സാമ്പിള്‍ പരിശോധിച്ചെങ്കിലും പരാതിക്ക് മറുപടി നല്‍കിയില്ല. തുടര്‍ന്ന് ഉപഭോക്തൃഫോറത്തില്‍നിന്ന് അയച്ച നോട്ടീസ് കൈപ്പറ്റാന്‍ വിസമ്മതം പ്രകടിപ്പിക്കുകയും ചെയ്തു. ഈ നടപടികളില്‍നിന്നു വിതരണം ചെയ്ത ഡീസലിന്റെ ഗുണനിലവാരം മോശമായിരുന്നുവെന്നു കമ്പനിക്ക് തന്നെ ബോധ്യമായെന്ന് കണക്കാക്കണമെന്ന ഹര്‍ജിക്കാരിയുടെ വാദം ഫോറം ശരിവച്ചാണ് ശിക്ഷ വിധിച്ചത്.

Exit mobile version