വിശപ്പകറ്റാന്‍ ബിസ്‌ക്കറ്റും വെള്ളവും മാത്രം; നാട്ടിലെത്താന്‍ കണ്ണീരോടെ സഹായം അഭ്യര്‍ഥിച്ച് ഗുജറാത്തിലെ മലയാളികള്‍

അഹമ്മദാബാദ്: ലോക്ക്ഡൗണില്‍ നാട്ടിലെത്തിക്കാന്‍ സഹായം അഭ്യര്‍ഥിച്ച് ഗുജറാത്തില്‍ കുടുങ്ങി കിടക്കുന്ന മലയാളികള്‍. പട്ടിണിയിലാണ് ജീവിതമെന്നും അഹമ്മദാബാദില്‍ നിന്നും കേരളത്തിലേക്ക് ട്രെയിനില്ലെന്നും അധ്യാപികയായി ജോലിചെയ്യുന്ന അനു പറയുന്നു.

കോവിഡ് പ്രതിസന്ധി രൂക്ഷമായ ഗുജറാത്തിലുള്ള മലയാളികളായ അധ്യാപകരും വിദ്യാര്‍ഥികളും അടങ്ങുന്ന സംഘത്തിന് മലയാളി സമാജം പ്രവര്‍ത്തകരാണ് ഏക ആശ്വാസം.

അമ്പതോളം മലയാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ബിസ്‌ക്കറ്റും വെള്ളവും മാത്രം കഴിച്ചുകഴിയുന്നവരും അക്കൂട്ടത്തിലുണ്ട്. ഇവിടെ കടകള്‍ ഒന്നും തുറക്കുന്നില്ല. ഭക്ഷണം വച്ചുകഴിക്കാന്‍ സൗകര്യം ഉള്ളവര്‍ പോലും ഒരുനേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നത്.

ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നതറിഞ്ഞ് ഇവിടുത്തെ മലയാളി സമാജം പ്രവര്‍ത്തകര്‍ അരിയും കടലയും പഞ്ചസാരയും എത്തിച്ചിരുന്നു. രണ്ടു ദിവസം കഴിഞ്ഞാല്‍ അതും തീരുമെന്നും അനു പറയുന്നു.

ഇവിടെ കോവിഡ് കേസുകള്‍ കൂടിവരികയാണ്. ഞങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഒന്നു സഹായിക്കാന്‍ പോലും ഇവിടെ ആരുമില്ല. ദയവായി സഹായിക്കണം. നാട്ടിലെത്തിക്കണം. എന്നെ മാത്രമല്ല എന്നെക്കാള്‍ സങ്കടത്തില്‍ കഴിയുന്നവരുണ്ട് ഇവിടെ. ദയവായി ഞങ്ങളെ ഇവിടെ നിന്ന് രക്ഷിക്കണം. ട്രെയിന്‍ അനുവദിക്കണം.. ഭക്ഷണം പോലും ഇല്ലാതെ കഷ്ടപ്പെടുകയാണ് ഇവിടെ…’

Exit mobile version