എസ്എസ്എൽസി-പ്ലസ്ടു പരീക്ഷ: വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് എത്തിക്കേണ്ടത് അധ്യാപകരുടെ കടമ: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: നാട്ടിവെച്ച എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾ മേയ് 26 മുതൽ ആരംഭിക്കാനിരിക്കെ എല്ലാ വിദ്യാർത്ഥികളും പരീക്ഷ എഴുതുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അധ്യാപകരുടെ കടമയാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. പരീക്ഷ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസ് മുഖേന നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് 19 നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ പരീക്ഷ നടത്തിപ്പ് അധ്യാപകർ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. സംസ്ഥാനത്തെ പരീക്ഷ നടക്കുന്ന എല്ലാ സ്‌കൂളുകളിലും വിദ്യാർത്ഥികൾ എത്തുമെന്ന് അധ്യാപകർ ഉറപ്പ് വരുത്തണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം സ്‌കൂളിലെ പ്രധാന അധ്യാപകർ ഉറപ്പുവരുത്തണം.

അധ്യാപകരുടെ സഹായത്തോടെ ഗതാഗത സൗകര്യം പ്രധാനാധ്യാപകൻ ഉറപ്പാക്കണം. ഇതിനായി സ്വകാര്യ വാഹനം, പൊതുഗതാഗതം, സ്‌കൂൾ ബസുകൾ, പിടിഎയുടെ സഹകരണത്തോടെയുള്ള വാഹന സൗകര്യം എന്നിവ ഉപയോഗിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

സ്‌കൂളുകൾ കഴിഞ്ഞ രണ്ടു മാസമായി അടച്ചിട്ടിരുന്നതിനാൽ 25ന് മുമ്പ് പരീക്ഷ ഹാളുകൾ, ഫർണീച്ചറുകൾ, സ്‌കൂൾ പരിസരം എന്നിവ ശുചിയാക്കണം. ആരോഗ്യവകുപ്പ്, പിടിഎ, സന്നദ്ധസംഘടനകൾ, ഫയർഫോഴ്‌സ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹായം ഇതിനായി പ്രയോജനപ്പെടുത്തണം. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികളെ തെർമൽ സ്‌കാനിങ് കഴിഞ്ഞ് സാനിറ്റൈസ് ചെയ്തശേഷം പരീക്ഷ ഹാളിൽ എത്തിക്കണം. പരീക്ഷക്ക് മുമ്പും ശേഷവും വിദ്യാർത്ഥികളെ കൂട്ടംചേരാൻ അനുവദിക്കരുതെന്നും മന്ത്രി നിർദേശിച്ചു.

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ ഷാജഹാൻ, ജില്ലകളിലെ വിദ്യാഭ്യാസ വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Exit mobile version