തുണിക്കടകള്‍, ചെരുപ്പ് കടകള്‍ എന്നിവ തുറക്കാം, ബന്ധു വീടുകള്‍ സന്ദര്‍ശിക്കാന്‍ അന്തര്‍ ജില്ലാ യാത്രകള്‍ അനുവദിക്കും; പെരുന്നാള്‍ പ്രമാണിച്ച് ഞായറാഴ്ചത്തെ ലോക്ക് ഡൗണിലെ ഇളവുകള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക് ഡൗണില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു. വസ്ത്ര കടകള്‍, മിഠായി കടകള്‍, ബേക്കറി, ചെരുപ്പ് കടകള്‍, ഫാന്‍സി കടകള്‍ എന്നിവ രാവിലെ 7 മുതല്‍ രാത്രി 7 വരെ തുറക്കാം.

ഇറച്ചി, മത്സ്യവ്യാപാരം എന്നിവയക്ക് രാവിലെ 6 മുതല്‍ 11 വരെ അനുമതിയുണ്ട്. ഞായറാഴ്ച ബന്ധു വീടുകള്‍ സന്ദര്‍ശിക്കാന്‍ അന്തര്‍ ജില്ലാ യാത്രകള്‍ അനുവദിക്കും. അതേസമയം, സാമൂഹിക അകലം പാലിക്കല്‍, മുഖാവരണം ധരിക്കല്‍, തുടങ്ങിയ സുരക്ഷ മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണം.

കേരളത്തില്‍ ഇന്ന് 62 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസം സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന ഏറ്റവും കൂടിയ നിരക്കാണിത്. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 13 പേരില്‍ ഏഴ് പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

പാലക്കാട്- 19, കണ്ണൂര്‍-16, മലപ്പുറം-8, ആലപ്പുഴ- 5, കോഴിക്കോട്-4, കാസര്‍കോട്-4, കൊല്ലം-3, കോട്ടയം-2, വയനാട്- 1 എന്നിങ്ങനെയാണ് ഇന്ന് ഓരോ ജില്ലയിലെയും കൊറോണ കേസുകള്‍. ആദ്യമായാണ് പാലക്കാട് ഒരു ദിവസം ഇത്രയധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്.

ഇതില്‍ രണ്ട് പേര്‍ വിദേശത്ത് നിന്നും വന്നതാണ്. 12 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നതും, മൂന്നുപേര്‍ ആരോഗ്യപ്രവര്‍ത്തകരുമാണ്. രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. നിലവില്‍ 45 പേരാണ് പാലക്കാട് ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

Exit mobile version