ലോക്ക് ഡൗണ്‍ ലംഘിച്ച് ഭക്ഷണം വിളമ്പി: കോഴിക്കോട്ടെ ഇന്ത്യന്‍ കോഫി ഹൗസ് അടപ്പിച്ചു

കോഴിക്കോട്: ലോക്ക് ഡൗണ്‍ നിയമം ലംഘിച്ച് ഭക്ഷണം വിളമ്പിയ കോഴിക്കോട്ടെ ഇന്ത്യന്‍ കോഫി ഹൗസ് അടപ്പിച്ചു. കോര്‍പ്പറേഷന്‍ ഓഫിസിനു സമീപത്തെ ഇന്ത്യന്‍ കോഫി ഹൗസ് പോലീസെത്തിയാണ് അടപ്പിച്ചത്. ഇവിടെ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഏര്‍പ്പാടാക്കിയതിന് പിന്നാലെ നിരവധി പേരാണ് എത്തിയത്.

കോര്‍പ്പറേഷന്‍ കാന്റീന്‍ കൂടിയായ ഇവിടെ നിരവധി ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ എത്താറുള്ളതാണ്. ഇന്നലെ ഉച്ചയ്ക്ക് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് മാത്രമാണ് ഭക്ഷണം നല്‍കിയതെന്നാണ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ പുറത്തുനിന്നുള്ളവരടക്കം നിരവധിയാളുകള്‍ ഇവിടെയെത്തി ഭക്ഷണം കഴിച്ചതായി സമീപത്തെ ഹോട്ടലുകാര്‍ പരാതിപ്പെട്ടു.

തുടര്‍ന്ന് പോലീസെത്തി ജീവനക്കാരുടെയും ഭക്ഷണം കഴിക്കാനെത്തിയവരുടെയും മൊഴിയെടുത്തു. തുടര്‍ന്ന് സ്ഥാപനം അടപ്പിച്ചു. ഒരു മേശയ്ക്ക് ചുറ്റും നാലു പേര്‍ ഇരുന്നു ഭക്ഷണം കഴിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സമീപത്തുള്ള കടക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയത്.

കോഫി ഹൗസ് തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് മൂന്ന് ദിവസമായെന്ന് ഭക്ഷണം കഴിക്കാനെത്തിയവര്‍ പറഞ്ഞു. തുടക്കത്തില്‍ കോഫി ഹൗസിന്റെ പുറക് വശത്ത് വെച്ചായിരുന്നു ഭക്ഷണം വിളമ്പിയത്. എന്നാല്‍ ആളുകള്‍ കൂടിയതോട് കൂടി റോഡിനോട് ചേര്‍ന്നുള്ള ഭാഗത്ത് ഭക്ഷണം വിളമ്പുകയായിരുന്നു. പുറകിലുള്ള വാതില്‍ വഴിയാണ് ആളുകള്‍ ഇവിടേക്ക് പ്രവേശിച്ചിരുന്നത്.

ലോക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ഹോട്ടലുകളില്‍ പാര്‍സല്‍ വിതരണത്തിന് മാത്രമാണ് അനുമതി. കോഫി ഹൗസിന്റെ സമീപത്തു നിരവധി ഹോട്ടലുകളുണ്ട്. ഇവയെല്ലാം പാര്‍സല്‍ മാത്രമാണ് നല്‍കുന്നത്. സംഭവത്തില്‍ കോഫി ഹൗസ് മാനേജര്‍ക്കെതിരെ കേസെടെുക്കുമെന്ന് ടൗണ്‍ പോലീസ് അറിയിച്ചു.

Exit mobile version