എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ: ഗതാഗത സൗകര്യം സ്‌കൂളുകള്‍ ഒരുക്കണം, സ്‌കൂളുകള്‍ അണുവിമുക്തമാക്കണം; നിര്‍ദേശങ്ങളിങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നടത്തുന്നതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളായി. കുട്ടികളെ പരീക്ഷയ്ക്ക് എത്തിക്കുന്നതിനുള്ള ഗതാഗത സൗകര്യം സ്‌കൂളുകള്‍ ഒരുക്കണം. ഇതിനായി സ്വകാര്യ വാഹനങ്ങള്‍, പൊതുഗാഗതം, സ്‌കൂള്‍ ബസുകള്‍ തുടങ്ങിയവ ഉപയോഗിക്കാം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും എസ്‌സി, എസ്ടി വകുപ്പുകളുടെയും സഹകരണം ഇക്കാര്യത്തില്‍ ഉറപ്പുവരുത്താമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷകള്‍ നടത്തുക. പരീക്ഷയ്ക്കു മുന്‍പ് സ്‌കൂളുകള്‍ അണുവിമുക്തമാക്കണം. പരീക്ഷാ ഹാളുകള്‍, ഫര്‍ണിച്ചര്‍, സ്‌കൂള്‍ പരിസരം എന്നിവ ഈ മാസം 25ന് മുന്‍പ് ശുചിയാക്കണം. പരീക്ഷാ ദിവസങ്ങളില്‍ രാവിലെയും ഉച്ചയ്ക്കും പരീക്ഷാ ഹാളിലെ ഫര്‍ണിച്ചറുകള്‍ അണുവിമുക്തമാക്കണം. പ്രധാന പ്രവേശനകവാടത്തിലൂടെ മാത്രമേ വിദ്യാര്‍ഥികള്‍ പ്രവേശിക്കാന്‍ പാടുള്ളൂ. ഇവിടെ സാനിറ്റൈസര്‍ നല്‍കാന്‍ ജീവനക്കാരുടെ സേവനം പ്രയോജനപ്പെടുത്തണം. ഓരോ ഹാളിലും 20 കുട്ടികള്‍ മാത്രമേ പാടുള്ളൂ.

സാമൂഹിക അകലം പാലിക്കാന്‍ പരമാവധി ഹയര്‍സെക്കന്‍ഡറി ക്ലാസ് റൂമുകള്‍ പരീക്ഷയ്ക്കായി ഉപയോഗിക്കാം. പരീക്ഷയ്ക്കു മുന്‍പും ശേഷവും വിദ്യാര്‍ഥികളെ കൂട്ടംകൂടാന്‍ അനുവദിക്കരുത്. കുട്ടികളുടെ എണ്ണത്തിനുസരിച്ചുള്ള മാസ്‌കുകള്‍ ഉറപ്പാക്കണം.

പരീക്ഷ എഴുതാന്‍ കഴിയാത്ത കുട്ടികള്‍ക്ക് പിന്നീട് പരീക്ഷ എഴുതാനുള്ള അവസരമൊരുക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇവര്‍ക്കു സേ പരീക്ഷ ഉടനുണ്ടാകും.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പരീക്ഷാകേന്ദ്രമുണ്ടാവില്ല. ഇവിടങ്ങളിലെ പരീക്ഷാകേന്ദ്രങ്ങള്‍ മാറ്റാനായി വിദ്യാഭ്യാസ വകുപ്പ് കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്.
പരീക്ഷാകേന്ദ്ര മാറ്റം ആവശ്യപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കണം. കേന്ദ്രങ്ങള്‍ മാറ്റാനായി അയ്യായിരത്തിലധികം കുട്ടികള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു.

ഇപ്പോഴുള്ള കണ്ടെയ്ന്‍മെന്റ് സോണുകളുടെ കണക്കു വച്ചാണ് പരീക്ഷാകേന്ദ്രങ്ങള്‍ പുതുക്കി നിശ്ചയിക്കുന്നത്. കൊവിഡ് സെന്ററുകളായോ അഗതിമന്ദിരങ്ങളായോ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ വിട്ടുകിട്ടാന്‍ ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കി പരീക്ഷയ്ക്കായി സജ്ജമാക്കേണ്ടതാണ്. ഏതെങ്കിലും സാഹചര്യത്തില്‍ വിട്ടുകിട്ടുന്നില്ലെങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.

Exit mobile version